ട്രംപിന്റെ ഭീഷണി ഞങ്ങളോട് വേണ്ട; സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല; ആണവ കരാര്‍ ചര്‍ച്ചയില്‍ ഉടക്കിട്ട് ഇറാന്‍; അമേരിക്കയുടെ ആവശ്യങ്ങള്‍ തള്ളി ആയത്തുള്ള ഖൊമൈനി

ഇറാനുമായി ആണവ കരാറില്‍ ചര്‍ച്ച നടത്താന്‍ ലക്ഷ്യമിടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനി. ആണവ ചര്‍ച്ചയ്ക്ക് ഇറാന്‍ തയ്യാറായില്ലെങ്കില്‍ സൈനിക ഇടപെടല്‍ ഉണ്ടാകുമെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് പകരം ജനങ്ങളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഇറാനോട് അമേരിക്കന്‍ വൈറ്റ് ഹൗസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആണവായുധ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇറാന്‍ എന്ന് ട്രംപ് കരുതുന്ന പശ്ചാത്തലത്തിലാണ് ഇറാന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ചര്‍ച്ചയ്ക്ക് ഇറാന്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതായി ഫോക്സ് ബിസിനസ് നെറ്റ്വര്‍ക്കിന് വെള്ളിയാഴ്ച നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. ‘നിങ്ങള്‍ ചര്‍ച്ച നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കാരണം അത് ഇറാന് വളരെ നല്ലതായിരിക്കും. ‘ആ കത്ത് കിട്ടണമെന്ന് അവരും ആഗ്രഹിച്ചതായി ഞാന്‍ കരുതുന്നു,’ ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കാണ് ട്രംപ് കത്ത് അയച്ചിരിക്കുന്നത്.
എന്നാല്‍, സകലരേയും ഭീഷണിപ്പെടുത്താനുറയ്ക്കുന്ന ചില രാജ്യങ്ങള്‍ക്ക് ഇറാന്‍ വഴങ്ങില്ലെന്നും സമാധാനമുണ്ടാക്കലല്ല അവരുടെ ലക്ഷ്യമെന്നും മറിച്ച് ആധിപത്യം സ്ഥാപിക്കലാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും ഖൊമൈനി പറഞ്ഞു. അമേരിക്കയില്‍ നിന്ന് ഇറാന് ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.

Read more

അതേസമയം, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സാഹചര്യം പരിഹരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് വെള്ളിയാഴ്ച ഇറാന്‍ അംബാസഡര്‍ കാസിം ജലാലിയുമായി ചര്‍ച്ച നടത്തിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.