ചാള്‍സ് മൂന്നാമന്‍ ഇനി ബ്രിട്ടന്റെ രാജാവ്; സത്യപ്രതിജ്ഞ ഇന്ന്

ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി മകന്‍ ചാള്‍സ് മൂന്നാമന്‍ ഇന്ന് രാജാവായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഞിയുടെ സംസ്‌കാരത്തിന്റെ സമയക്രമം ഔദ്യോഗികമായി ഇനി രാജാവാണ് പ്രഖ്യാപിക്കുക. ഇന്നലെ ചാള്‍സ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പുതിയ ഉത്തരവാദിത്തങ്ങള്‍ വരുന്നതോടുകൂടി തന്റെ ജീവിതവും മാറുമെന്ന് ചാള്‍സ് ഉറപ്പുനല്‍കി.

ജനത്തെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവച്ചയാളായിരുന്നു തന്റെ അമ്മ എലിസബത്ത് രാജ്ഞിയെന്ന് ചാള്‍സ് മൂന്നാമന്‍ പറഞ്ഞു. അതേ പ്രതിജ്ഞയാണ് താനും ഉറപ്പുനല്‍കുകയെന്ന് ചാള്‍സ് വ്യക്തമാക്കി. അതേസമയം, രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങ് 19നാണെന്നാണ് റിപോര്‍ട്ടുകള്‍. രാജ്യത്തെ പ്രധാന ചര്‍ച്ചുകളിലെല്ലാം രാജ്ഞിക്ക് ആദരമര്‍പ്പിച്ചു.

ഈ മാസം എട്ടിനായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. 96 വയസായിരുന്നു. ഏറ്റവും ദീര്‍ഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂര്‍വനേട്ടത്തിനുടമയായിരുന്നു എലിസബത്ത്. സ്‌കോട്ട്ലന്‍ഡിലെ ബെല്‍മോര്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം.

Read more

2015ലാണ് എലിസബത്ത് രാജ്ഞി ഏറ്റവും ദീര്‍ഘമായ കാലം ബ്രിട്ടനെ ഭരിച്ച ഭരണാധികാരിയെന്ന റെക്കോര്‍ഡിനുടമയാകുന്നത്. മുതുമുത്തശ്ശിയായ വിക്ടോറിയ രാജ്ഞിയെ മറികടന്നായിരുന്നു അവര്‍ ഈ നേട്ടം സ്വന്തമാക്കിയത്.