ദുബായില്‍ ചൈനക്ക് രഹസ്യ ജയില്‍ ?

ദുബായിലെ രഹസ്യ ചോദ്യകേന്ദ്രത്തില്‍ താന്‍ ചോദ്യം ചെയ്യപ്പെട്ടതായി അറിയിച്ച ചൈനീസ് യുവതി തടവറയില്‍ ഉയ്ഗുര്‍ യുവതികളെ കണ്ടതായും വെളിപ്പെടുത്തി.

വു ഹുവാന്‍ എന്ന ചൈനീസ് യുവതിയാണ് മൂന്നു മാസങ്ങള്‍ക്കുമുമ്പ് മെയ് 27 മുതല്‍ എട്ടുദിവസം ദുബായില്‍ വെച്ച് തനിക്കുണ്ടായ അനുഭവം അസോസിയേറ്റഡ് പ്രസ്സിന് വെളിപ്പെടുത്തിയത്. രാജ്യത്തുനിന്നും രക്ഷപ്പെട്ട വിമതരെ കുടുക്കാനായി അതിര്‍ത്തിക്കപ്പുറത്ത് ചൈന നടത്തുന്നുണ്ട് എന്നു കരുതപ്പെടുന്ന ബ്ലാക്ക് സൈറ്റുകളുടെ സാദ്ധ്യതയിലേക്കാണ് ഈ സംഭവം സൂചന നല്‍കുന്നത്.

ഇരുപത്താറുകാരിയായ യു-ഹുവാന്‍ ചൈനയില്‍ നിന്നും രക്ഷപ്പെടാനുള്ള കാരണം തന്റെ പത്തൊന്‍പതുകാരനായ പ്രതിശ്രുതവരനും ചൈനീസ് വിമതനെന്ന് സംശയിക്കപ്പെടുന്ന ആളുമായ വാന്‍ ജിന്‍ഹ്യൂവിനെ ചൈനാ പോലീസ് തെരയുന്നതിനാലാണ്.

വു ഹുവാന്‍ പറയുന്ന കഥ ഇങ്ങനെയാണ്. മെയ് 27 ആം തീയതി താന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ഒരു ചൈനീസ് ഓഫീസര്‍ എത്തിച്ചേരുകയും ചോദ്യം ചെയ്യലിന് വിധേയയാക്കുകയും ചെയ്തു. അതിനുശേഷം ദുബായ് പോലീസ് കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു. മൂന്നാം ദിവസം ചൈനീസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ലി സുവാങ്ങ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ചൈനീസ് ഓഫീസര്‍ തന്നോട് ചൈനക്കെതിരായി പ്രവര്‍ത്തിക്കാന്‍ വിദേശികളില്‍നിന്നും പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന് ആരാഞ്ഞു. പിന്നീട് കൈയാമം വെക്കപ്പെട്ട വു ഹുവാനെ ഒരു കറുത്ത ടൊയോട്ട കാറിലിരുത്തി. അരമണിക്കൂര്‍ യാത്രചെയ്ത് വെള്ളനിറത്തിലുള്ള ഒരു മൂന്നുനില വില്ലയിലെത്തി. അതിന്റെ മുറികള്‍ ചെറിയ ചെറിയ സെല്ലുകളായി വേര്‍തിരിച്ചിരുന്നു.

ഭാരമേറിയ ലോഹവാതിലുള്ള ഒരു ചെറിയ സെല്ലിനുള്ളിലേക്ക് തന്നെ പ്രവേശിപ്പിച്ചു. ഒരു കട്ടിലും കസേരയും മാതമാണ് അതിലുണ്ടായിരുന്നത്. ദിവസം മുഴുവനും പ്രകാശിച്ചിരുന്ന മഞ്ഞ ഫ്‌ളൂറസെന്റ് ബള്‍ബും. പലപ്രാവശ്യം അതിനുള്ളില്‍ ചൈനീസ് ഭാഷയില്‍ ചോദ്യം ചെയ്യലും ഭീഷണിയും തുടര്‍ന്നുകൊണ്ടിരുന്നു.

ബാത്ത്‌റൂം ഉപയോഗിക്കാനായി കാത്തുനില്‍ക്കുമ്പോള്‍ ഒരു ഉയ്ഗുര്‍ യുവതിയെ കണ്ടു. മറ്റൊരവസരത്തില്‍ എനിക്ക് ചൈനയിലേക്ക് പോകണ്ടാ.. തുര്‍ക്കിയിലേക്ക് പോയാല്‍ മതി എന്ന് ഉയ്ഗുര്‍ ചുവയുള്ള ചൈനീസ് ഭാഷയില്‍ ഒരു യുവതി വിലപിക്കുന്ന കേള്‍ക്കാനിടയായി.

ഗാര്‍ഡുകള്‍ ഒരു ഫോണും സിം കാര്‍ഡും തന്നതിനുശേഷം തന്റെ ഭാവിവരനെയും തങ്ങളെ സഹായിക്കുന്ന ചൈന എയ്ഡ് എന്ന നോണ്‍പ്രോഫിറ്റ് ക്രിസ്റ്റ്യന്‍ സംഘടനയുമായി ബന്ധപ്പെട്ട ബോബ് ഫു എന്ന പാസ്റ്ററെയും വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫോണ്‍ കണക്റ്റ് ആയില്ല. അതിനുശേഷം തന്റെ കാമുകന്‍ ശാരീരികമായും മാനസികമായും ഹറാസ് ചെയ്തതായി ഒരു വ്യാജപരാതി എഴുതി ഒപ്പുവെപ്പിച്ചു. അതിനുശേഷമാണ് വിട്ടയച്ചത്. ഭാഗ്യവശാല്‍ വു ഹുവാനും കാമുകന്‍ വാന്‍ ജിന്‍ഹ്യുവും അവിടെനിന്നും രക്ഷപ്പെട്ട് നെതര്‍ലന്റ്‌സില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.

വാര്‍ത്ത പുറത്തുവന്നതിനുശേഷം തങ്ങള്‍ക്ക് വിദേശങ്ങളിലെവിടെയും ചോദ്യംചെയ്യല്‍ കേന്ദ്രങ്ങളോ തടവറകളോ നിലവിലില്ല എന്ന് ചൈനീസ് അധികൃതര്‍ അവകാശപ്പെട്ടു. എന്നാല്‍ അത്തരമൊരു സാദ്ധ്യത തള്ളിക്കളയാനാകില്ല എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ചൈന ദുബായില്‍ ഈയിടെ 36 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കിയതെനെ തുടര്‍ന്ന് ചില സഹകരണങ്ങള്‍ നേടിയെടുത്തിട്ടുണ്ടാകാം. ദുബായില്‍ വെച്ച് വു ഹുവാന്‍ മര്‍ദ്ദിക്കപ്പെടാതിരുന്നത് ദുബായില്‍ ശാരീരികാക്രമണം കടുത്ത നിയമനടപടിയെ നേരിടുന്ന കാര്യമായതിനാലാണ്. എന്നാല്‍ തടഞ്ഞുവെച്ച കാരണത്തിലായാലും തെളിവുകളുണ്ടെങ്കില്‍ ദുബായ് ഗവണ്‍മെന്റിന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെതിരെ നിയമനടപടി കൈക്കൊള്ളാന്‍ സാധിക്കും.

വു ഹുവാനോ ബോയ് ഫ്രണ്ടോ ഉയ്ഗുര്‍ വിഭാഗത്തില്‍ പെട്ടവരാണോ എന്നത് വ്യക്തമല്ലെങ്കിലും രഹസ്യജയിലിനെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത് ഭരണകൂട ഭീകരതയില്‍നിന്നും രക്ഷപ്പെടാനോ ജോലി തേടിയോ വിദേശങ്ങളിലെത്തുന്ന ഉയ്ഗുറുകളുടെ നില ഗുരുതരമാക്കുമെന്ന ഭയം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

തായ്‌ലാന്റ് ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും നൂറുകണക്കിന് ഉയ്ഗുറുകളെ മടക്കിക്കൊണ്ടുവന്ന് ജയിലിലടച്ചിരുന്നു. ചൈന പോലൊരു സുശക്തസൈന്യമുള്ള രാജ്യത്ത് തീവ്രവാദപ്രസ്ഥാനങ്ങള്‍ വളരുക സാദ്ധ്യമല്ല. എന്നിട്ടും ജോലിതേടിപ്പോയവരെ തടവിലാക്കി പീഢിപ്പിക്കുന്ന നടപടി ലോകത്ത് ഭീതി വളര്‍ത്തുകയാണ്. ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത ശക്തിയോട് ഈ ലോകംമുഴുവനും അരുതെന്നു പറഞ്ഞാലും അതെല്ലാം വനവിലാപം മാത്രമായിട്ടേ അവശേഷിക്കൂ.