അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യാനാവില്ലെന്ന് ഗവര്‍ണര്‍ ഗവിന്‍ ന്യൂസം. വാര്‍ഷിക ബജറ്റ് താളം തെറ്റുമെന്ന കണ്ടെത്തലോടെയാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ബില്ല് തള്ളിയത്. പബ്ലിക് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്നത് അധിക സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
കാലിഫോര്‍ണിയയില്‍ 4000 ഹൈസ്‌കൂളുകളിലായി 19 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം നടത്തിയാല്‍ മറ്റ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഫണ്ട് തികയാത്ത അവസ്ഥയുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ ബില്ല് തള്ളിയത്. പൊതു വിദ്യാലയങ്ങളിലെ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോണ്ടം വിതരണം നടത്തണമെന്നാണ് ബില്ലിലെ ആവശ്യം.
Read more
ഡെമോക്രാറ്റിക്കിന് ആധിപത്യമുള്ള കാലിഫോര്‍ണിയ സ്‌റ്റേറ്റ് ലെജിസ്ലേറ്ററാണ് ഇത് സംബന്ധിച്ച ബില്ല് പാസാക്കിയത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കൗമാരക്കാരെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ ബില്ല് സഹായിക്കുമെന്ന് ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള സ്‌റ്റേറ്റ് സെനറ്റര്‍ കരോലിന്‍ മെന്‍ജിവര്‍ ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞിരുന്നു. ബില്ല് നടപ്പാക്കിയാല്‍ അനധികൃതമായി കോണ്ടം വില്‍പ്പന നടത്തുന്നവരെ തടയാന്‍ സാധിക്കുമെന്നും മെന്‍ജിവര്‍ അഭിപ്രായപ്പെട്ടിരുന്നു.