ലോക സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ഇലോണ്‍ മസ്‌ക്; ഒന്‍പത് മാസങ്ങള്‍ക്കിടെ ഇതാദ്യം

ലോക സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ഇലോണ്‍ മസ്‌ക്. ഒന്‍പത് മാസങ്ങള്‍ക്കിടെ ആദ്യമായാണ് ഇലോണ്‍ മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടപ്പെടുന്നത്. മസ്‌കിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് 60കാരനായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ്. ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സാണ് പട്ടിക പുറത്തുവിട്ടത്.

തിങ്കളഴാഴ്ച ടെസ്ല ഇന്‍കോര്‍പ്പറേറ്റിന്റെ ഓഹരികള്‍ 7.2 ശതമാനമായി ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഇലോണ്‍ മസ്‌കിന് സമ്പന്നരുടെ പട്ടികയിലെ ഒന്നാംസ്ഥാനം നഷ്ടമായത്. നിലവില്‍ 197.7 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. അതേസമയം ജെഫ് ബെസോസിന്റേത് 200.3 ബില്യണ്‍ ഡോളറുമാണ്.

2021ന് ശേഷം ആദ്യമായാണ് ആമസോണ്‍ സ്ഥാപകന്‍ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഷാംഗ്ഹായിലെ ഫാക്ടറിയില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ ഇടിവ് സംഭവിച്ചതോടെയാണ് ടെസ്ലയുടെ ഓഹരി മൂല്യം കുറഞ്ഞത്. അമേരിക്കന്‍ ഇക്വിറ്റി മാര്‍ക്കറ്റിലെ പ്രധാന സ്റ്റോക്കുകളാണ് ടെസ്ലയും ആമസോണും.