അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ചാവേർ ആക്രമണം. 13 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടവരില്‍ കുട്ടികളും താലിബാന്‍ അംഗങ്ങളും ഉള്ളതായി റിപ്പോർട്ട്. മൂന്ന് അമേരിക്കന്‍ സൈനികര്‍ക്ക് ഉള്‍പെടെ ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. സ്ഥലത്ത് വെടിവയ്പുണ്ടായെന്നും റിപ്പോര്‍ട്ട്. ഇവിടെ നിന്നുള്ളതെന്ന് കരുതപ്പെടുന്ന നിരവധി ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ വിശദമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
വിമാനത്താവളത്തിലെ അബ്ബി ഗേറ്റിനടുത്താണ് സ്ഫോടനം. വിമാനത്താവളത്തിനടുത്ത് വെടിയൊച്ച തുടരുന്നുണ്ട്. സ്ത്രീകളും കുട്ടികളും താലിബാൻ തീവ്രവാദികളുമടക്കം 13 പേർ മരിച്ചതായി അഫ്ഗാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിതി വിലയിരുത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രണ്ടാമത്തെ സ്ഫോടനം നടന്നത് കാബൂൾ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിന് മുന്നിലാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിമാനത്താവളത്തിലെ മൂന്ന് ഗേറ്റുകൾക്ക് മുന്നിൽ സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയിരുന്നു. ഇന്നലെ സ്ഫോടനം നടക്കുമെന്നാണ് കരുതിയിരുന്നത്. ഇത് ശരിവെക്കുന്ന തരത്തിലാണ് ആക്രമണം.
Read more
കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് ആക്രമണ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് യു.എസും ബ്രിട്ടനും മുന്നറിയിപ്പുനല്‍കിയിരുന്നു. വിമാനത്താവളത്തിലെ മൂന്ന് കവാടങ്ങളിലുള്ളവരോട് ഉടന്‍ തിരിച്ചു പോകാനും അമേരിക്ക നിര്‍ദേശിച്ചു. സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ താലിബാന്‍ അനുവദിച്ച സമയം അവസാനിക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കി നില്‍ക്കെ ആയിരത്തി അഞ്ഞൂറോളം അമേരിക്കന്‍ പൗരന്‍മാര്‍ അഫ്ഗാന്റെ പലഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.