എംപോക്സ് വാക്‌സിന് അനുമതി നൽകി ലോകാരോഗ്യസംഘടന. ബവേറിയൻ നോർഡിക് കമ്പനി പുറത്തിറക്കിയ വാക്സിനാണ് അനുമതി നൽകിയത്. അതേസമയം എംപോക്സ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ആദ്യ അംഗീകൃത വാക്സിനാണ് ഇത്. അതേസമയം പതിനെട്ട് വയസ്സും അതിനുമുകളിലും പ്രായമുള്ളവരിലാണ് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ആഫ്രിക്കയിൽ ഉൾപ്പെടെ ലോകത്തിൻ്റെ പലഭാഗങ്ങളിലും എംപോക്സ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വാക്‌സിന് ലോകാരോഗ്യസംഘടന അനുമതി നൽകിയത്. എംപോക്സ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ആദ്യഅംഗീകൃത വാക്സിനാണ് ഇതെന്നും ഇത് പ്രധാന ചുവടുവെപ്പാണെന്നും ലോകാരോ ഗ്യസംഘടനയുടെ ഡയറക്‌ടർ ജനറലായ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു. ആഫ്രിക്കയിൽ നിലവിലുള്ള രോഗവ്യാപനപശ്ചാത്തലത്തിലും ഭാവിയിലും എംപോക്‌സ് പ്രതിരോധത്തിന് വാക്‌സിൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭാവിയിൽ രോഗവ്യാപനം അനിയന്ത്രിതമായാൽ പതിനെട്ടു വയസ്സിനു താഴെയുള്ളവരിലും വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകും. 2022 മുതൽ ലോകത്തിൻ്റെ പലഭാഗങ്ങളിലും എംപോക്‌സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കിൽ വർധനയുണ്ട്. നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോർട്ടുകൾ.