കശ്മീർ വിഷയത്തിൽ മറുപടിയില്ലാതെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി; അമേരിക്കൻ കോൺഗ്രസ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

ഇന്ത്യൻ സർക്കാരിന്റെ കശ്മീർ നീക്കത്തെ പ്രമേയത്തിലൂടെ വിമർശിച്ച അമേരിക്കൻ കോൺഗ്രസ് അംഗം പ്രമീള ജയപാൽ ഉൾപ്പെടെയുള്ളവരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയെന്ന റിപ്പോർട്ടിനോട് രൂക്ഷമായി പ്രതികരിച്ച് യു.എസ് സന്ദർശനം നടത്തുന്ന വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ.

“ഇത് (റിപ്പോർട്ട്) ജമ്മു കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ചുള്ള ശരിയായ ധാരണയോ അല്ലെങ്കിൽ ഇന്ത്യൻ സർക്കാർ ചെയ്യുന്ന കാര്യങ്ങളുടെ ന്യായമായ സ്വഭാവത്തെയോ മനസിലാക്കി കൊണ്ടുള്ളതാണ് എന്ന് ഞാൻ കരുതുന്നില്ല. അവരെ (പ്രമീള ജയപാൽ)കാണാൻ എനിക്ക് താത്പര്യമില്ല,” ജയ്ശങ്കറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

“വസ്തുനിഷ്ഠവും തുറന്നതുമായ ചർച്ചയ്ക്ക് തയ്യാറുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്താൻ എനിക്ക് താത്പര്യമുണ്ട്, എന്നാൽ മുൻവിധി ഉള്ളവരോട് അതിന് താത്പര്യം ഇല്ല.” എസ്. ജയ്ശങ്കർ പറഞ്ഞു.

ആഴ്ചകളോളം നീണ്ട പരിശ്രമങ്ങൾക്കു ശേഷം ഈ മാസം ആദ്യം  ജനപ്രതിനിധിസഭയിൽ പ്രമീള ജയപാൽ പ്രമേയം അവതരിപ്പിച്ചു. ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള തീരുമാനം ഓഗസ്റ്റ് 5- ന് എടുക്കുകയും തുടർന്ന് ജമ്മു കശ്മീരിലെ ആശയവിനിമയ ഉപാധികളിൽ ഉൾപ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും എത്രയും വേഗം നീക്കണമെന്നും പ്രമേയം ഇന്ത്യയോട് ആവശ്യപ്പെട്ടു. അതേസമയം കശ്മീരിൽ പ്രശ്‌നമുണ്ടാക്കാനുള്ള പാകിസ്ഥാൻ ശ്രമങ്ങളെ തടയാൻ അവ ആവശ്യമാണെന്ന് പറഞ്ഞ് തുടരുന്ന നിയന്ത്രണങ്ങളെ ഇന്ത്യൻ സർക്കാർ ന്യായീകരിച്ചു.

കൂടിക്കാഴ്ചയിൽ നിന്നും പ്രമീള ജയപാലിനെ ഒഴിവാക്കാനുള്ള ആവശ്യം യുഎസ് നിയമനിർമ്മാതാക്കൾ നിരസിച്ചതിനെ തുടർന്ന് ഈ ആഴ്ച കോൺഗ്രസിലെ മുതിർന്ന അംഗങ്ങളുമായുള്ള കൂടിക്കാഴ്ച വിദേശകാര്യ മന്ത്രി പെട്ടെന്നു റദ്ദാക്കിയതായി വാഷിംഗ്ടൺ പോസ്റ്റ് പ്രത്യേക റിപ്പോർട്ടിൽ പറയുന്നു.

“കൂടിക്കാഴ്ച റദ്ദാക്കിയത് വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. ഒരു വിയോജിപ്പും കേൾക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറല്ലെന്നതിണ് ഉദാഹരണമാണ് ഈ പ്രവർത്തി ,” പ്രമീള ജയപാൽ ട്വീറ്റ് ചെയ്തു.