ഏറ്റവും ഉയരത്തില്‍ നിന്നൊരു ദീപാവലി ആശംസ; ഭൂമിയില്‍ നിന്ന് 260 മൈല്‍ ഉയരത്തില്‍ നിന്ന് ആശംസയെത്തിയത് വൈറ്റ് ഹൗസില്‍

ഭൂമിയില്‍ നിന്ന് 260 മൈല്‍ ഉയരത്തിലിരുന്ന് ലോകത്തിന് ദീപാവലി ആശംസിച്ച് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള സുനിത വില്യംസിന്റെ വീഡിയോ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. അമേരിക്കയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസ നേരുന്നതായി സുനിത വില്യംസ് പറഞ്ഞു.

ഇത്തവണ ഭൂമിയില്‍ നിന്ന് 260 മൈല്‍ ഉയരത്തില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ദീപാവലി ആഘോഷിക്കാനുള്ള അപൂര്‍വ അവസരമാണ് തനിക്കുള്ളത്. ദീപാവലിയെ കുറിച്ചും മറ്റ് ഇന്ത്യന്‍ ആഘോഷങ്ങളെ കുറിച്ചും അച്ഛന്‍ തങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ലോകത്ത് നന്മ നിലനില്‍ക്കുന്നതിനാല്‍ ദീപാവലി സന്തോഷത്തിന്റെ സമയമാണെന്നും സുനിത പറഞ്ഞു.

2024 ജൂണ്‍ 5ന് ആയിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിത വില്യംസ്, ബച്ച് വില്‍മര്‍ എന്നിവര്‍ ബഹിരാകാശ നിലയത്തിലെത്തുകയായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെയുണ്ടായ പേടകത്തിന്റെ തകരാറുകളെ തുടര്‍ന്ന് അഞ്ച് മാസമായി ഇരുവരും ബഹിരാകാശ നിലയത്തിലാണ്.