ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന് മേല്‍ കെട്ടിവെക്കരുതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ് സംഘടനയുടെ പ്രവര്‍ത്തനം പാക്കിസ്ഥാനില്‍ മാത്രമല്ല ഇന്ത്യയിലുമുണ്ടെന്നും ഇമ്രാന് ഖാന് . യു.എസ് സന്ദര്‍ശനത്തിനിടെയായിരുന്നു ഇമ്രാന് ഖാന്റെ പ്രസ്താവന.
കശ്മീരില്‍ നടന്ന ആക്രമണമാണ് അത്. അവരുടെ സ്വന്തം നാട്ടില്‍ നടന്ന ആക്രമണം. എന്നാല്‍ പാകിസ്ഥാനെ ഇതില്‍ കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല. ജെയ്ഷെ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം സമ്മതിക്കുന്നു. എന്നാല്‍ അവരുടെ സാന്നിദ്ധ്യവും പ്രവര്‍ത്തനവും കാശ്മീരിലുമുണ്ട്. അതുകൊണ്ട് തന്നെ അവരുടെ പ്രദേശത്ത് നടന്ന ഒരു ആക്രമണമായി തന്നെ ഇതിനെ കാണണം- ഇമ്രാന് ഖാന് പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ പാകിസ്ഥാനില്‍ ചെറുതും വലുതുമായ 40- ഓളം ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായും ഇമ്രാന് ഖാന് പറഞ്ഞു. രാജ്യത്ത് നിലവിലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ രാജ്യം സ്വീകരിക്കേണ്ടതുണ്ടെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് സായുധ-തീവ്രവാദ ഗ്രൂപ്പുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയ്യിദ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നടപടി ഭീകരവാദികള്‍ക്കെതിരായ താക്കീതാണെന്നും ഇമ്രാന് ഖാന് അവകാശപ്പെട്ടു.
ഫെബ്രുവരി 14 നായിരുന്നു സി.ആര്.പി.എഫ് ജവാന്മാര് സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ആക്രമണം നടന്നത്. 40 പേരായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്ന വീഡിയോ ഉള്‍പ്പെടെ പുറത്തുവിട്ട ശേഷമായിരുന്നു ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
Read more
ആക്രമണം നടന്ന് 12 ദിവസത്തിന് ശേഷം പാകിസ്ഥാനിലെ ബാലാകോട്ടിലുള്ള ജെയ്ഷെയുടെ ഭീകരകേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടത്തി ഇന്ത്യ തിരിച്ചടിച്ചിരുന്നു.