ജമാഅത്തെ ഇസ്ലാമിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. സംഘടനകൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് വിലക്ക് നീക്കിയത്. ജമാഅത്തെ ഇസ്ലാമിയുടെയും അതിൻ്റെ വിദ്യാർഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറിനും ഷെയ്ഖ് ഹസീന സർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
ജമാഅത്ത് ഇസ്ലാമിയും ഷിബിറും അതിൻ്റെ മുന്നണി സംഘടനകളും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വ്യക്തമായ തെളിവുകളില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഇതോടെ ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന് സംഘടനക്ക് ഏർപ്പെടുത്തിയ വിലക്കും നീങ്ങും. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെയും ഛത്ര ഷിബിർ അനുബന്ധ സംഘടനകളെയും തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരം നിരോധിച്ചുകൊണ്ടാണ് ഹസീന സർക്കാർ നിരോധിച്ചത്.
2013 ഓഗസ്റ്റ് 1 ലെ ഹൈക്കോടതി വിധി പ്രകാരം ജമാഅത്തെ ഇസ്ലാമിയുടെ രജിസ്ട്രേഷൻ അസാധുവായി പ്രഖ്യാപിക്കുകയും 2018 ഡിസംബർ 7 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രജിസ്ട്രേഷൻ റദ്ദാക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയും ആയിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ അപ്പീൽ 2023 നവംബർ 19ന് സുപ്രീംകോടതിയുടെ അപ്പീൽ ഡിവിഷൻ തള്ളി.
മുസ്ലിംകളും ഹിന്ദുക്കളും ബുദ്ധരും ക്രിസ്ത്യാനികളും മറ്റുന്യൂനപക്ഷ മത വിഭാഗങ്ങളിലെ സഹോദരീ സഹോദരങ്ങളും ചേർന്നാണ് ബംഗ്ലാദേശ് നിർമ്മിച്ചിരിക്കുന്നതെന്നും നാമെല്ലാവരും ചേർന്നതാണ് ഈ രാഷ്ട്രമെന്നും ജമാഅത്തെ ഇസ്ലാമി അമീർ ഡോ. ഷഫീഖുർ റഹ്മാൻ പറഞ്ഞു. നിരോധനം നീക്കിയതിനു പിന്നാലെ ധാക്കയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1971ൽ പാകിസ്താനിൽനിന്ന് ബംഗ്ലാദേശിനെ മോചിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും ജമാഅത്തെ ഇസ്ലാമി അമീർ അഭിനന്ദിച്ചു.