പാരിസ് ആക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ സംഘം ഫ്രാന്‍സിലേക്കു പോകും. ഭീകരരെ റിക്രൂട്ട് ചെയ്ത കേസില്‍ അറസ്റ്റിലായ തൊടുപുഴ സ്വദേശി സുബഹാനി ഹാജയുടെ മൊഴിയുടെ വിശദാംശങ്ങളുമായാണ് അന്വേഷണ സംഘം പാരീസിലേക്ക് പോകുന്നത്. സുബഹാനിക്ക് പാരിസ് ആക്രമണക്കേസ് പ്രതികളെ അറിയാമെന്നു കണ്ടെത്തിയിരുന്നു. അതോടൊപ്പം, ഫ്രഞ്ച് സംഘം ഇന്ത്യയിലെത്തി സുബഹാനിയെയും ചോദ്യം ചെയ്യും.
കഴിഞ്ഞ വര്‍ഷം അവസാനം ഫ്രഞ്ച് അന്വേഷണ സംഘം ന്യൂഡല്‍ഹിയിലെത്തി എന്‍ഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സുബഹാനി ഹാജ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പാരിസ് ആക്രമണക്കേസില്‍ സംയുക്ത അന്വേഷണത്തിനായി എന്‍ഐഎ ഉദ്യോഗസ്ഥരെ ക്ഷണിച്ചത്. കോടതിയുടെ അനുമതിയോടെയായിരിക്കും ഇരു അന്വേഷണ സംഘങ്ങളുടെയും തുടര്‍നടപടികള്‍.
സുബഹാനിക്കു പാരിസ് ഭീകരാക്രമണത്തിന്റെ പ്രധാന വിവരങ്ങള്‍ അറിയാമെന്ന് എന്‍ഐഎ ഫ്രഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. 2015 നവംബറിലാണു 150 പേര്‍ മരിച്ച ഭീകരാക്രമണം പാരിസിലുണ്ടായത്. തിയറ്ററില്‍ നൂറിലേറെപ്പേരെ കൊലപ്പെടുത്തിയ വെടിവയ്പിനു നേതൃത്വം നല്‍കിയ അബ്ദുല്‍ ഹമീദ് അബൗദിനെ നേരിട്ടറിയാമെന്നു സുബഹാനി സമ്മതിച്ചിരുന്നു. സുബഹാനി പങ്കെടുത്ത ആയുധ പരിശീലന ക്യാംപിന്റെ യൂണിറ്റ് കമാന്‍ഡര്‍ ഫ്രഞ്ച് പൗരനായിരുന്നെന്നും മൊഴിയിലുണ്ട്.
Read more
കഴിഞ്ഞ ദിവസം ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നെന്നു കണ്ടെത്തിയ മലയാളികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ആറ് യുവതികളടക്കം 21 പേരുടെ രേഖാചിത്രങ്ങളാണ് “മോസ്റ്റ് വാണ്ടഡ്” പട്ടികയില്‍പ്പെടുത്തി എന്‍ഐഎ പുറത്തുവിട്ടത്. ഇവരില്‍ 14 പേര്‍ 26 വയസ്സില്‍ താഴെയുള്ളവരാണ്. ചെറിയ സംഘങ്ങളായാണ് ഇവര്‍ രാജ്യം വിട്ടതെന്നു് കരുതുന്നു. ആദ്യ രണ്ടംഗസംഘം ബെംഗളൂരു കുവൈത്ത് വിമാനത്തിലും മൂന്നംഗസംഘം 2016 മേയില്‍ മുംബൈ മസ്‌കത്ത് വിമാനത്തിലുമാണു കടന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.