മങ്കിപോക്സ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കയിൽ മാത്രം വൈറസ് ബാധിച്ച് 500 ലധികം ആളുകൾ മരിച്ചതിനാലാണ് സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
ലോകത്തെ 13 രാജ്യങ്ങളിലായി പതിനാലായിരത്തിലധികം കേസുകൾ കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാ നിർദേശവും അടിയന്തരാവസ്ഥയും ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ 450 ൽ അധികം ആളുകളാണ് വൈറസ് ബാധിച്ച് മരിച്ചത്.
ഈ വർഷം ആഫ്രിക്കയിൽ 14,000-ത്തിലധികം കേസുകളും 524 മരണങ്ങളും ഉണ്ടായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നീ നാല് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അടുത്തിടെ ആദ്യമായി കുരങ്ങുപനി തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു.