ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കും; കാശ്മീര്‍ വിഷയത്തില്‍ അയഞ്ഞ് പാക്കിസ്ഥാന്‍; ചര്‍ച്ചകള്‍ക്ക് തയാറെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അയല്‍ രാജ്യവുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നത്. കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിഹരിക്കപ്പെടണം. ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റണം. ഇരുരാജ്യങ്ങളും സൗഹൃദം ആരംഭിക്കുകയും വേണമെന്നും അദേഹം പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഉഭയകക്ഷി ബന്ധങ്ങള്‍ വഷളായിരുന്നു.

1999-ലെ ലാഹോര്‍ പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഏക മാര്‍ഗം ചര്‍ച്ചയാണെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍ പലതവണ കശ്മീര്‍ വിഷയം ഉന്നയിച്ചിട്ടുണ്ട്.

സാമ്പത്തികമായി തകര്‍ന്നടിഞ്ഞ രാജ്യത്തിന് ഇനിയൊരു യുദ്ധം താങ്ങാനാവില്ലെന്നും അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്നും പാക്കിസ്ഥാനിലെ നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ചകള്‍ക്ക് തയാറെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരിക്കുന്നത്.