രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സെര്‍ബിയന്‍ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച് രാജിവച്ചു. കോണ്‍ക്രീറ്റുകൊണ്ടു നിര്‍മിച്ച മേലാപ്പ് തകര്‍ന്നുവീണു 15 പേര്‍ മരിച്ചതിശേഷം ഫുചേവിച്ചിനെതിരേ ആഴ്ചകളോളം നീണ്ട അഴിമതിവിരുദ്ധ പ്രക്ഷോഭം രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് രാജി.
നോവി സാഡ് നഗരത്തിലെ റെയില്‍വേ സ്റ്റേഷന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് നവംബറില്‍ 15 പേര്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. മിലോസ് 2022ല്‍ നോവി സാഡിലെ മേയറായിരിക്കെയാണ് റെയില്‍വേ സ്റ്റേഷന്‍ ചൈനീസ് കമ്പനി പുനര്‍നിര്‍മിച്ചത്.
പ്രതിഷേധക്കാര്‍ ശാന്തരാകണമെന്നും ചര്‍ച്ചയിലേക്ക് തിരിച്ചുവരണമെന്നും മിലോസ് ആവശ്യപ്പെട്ടു. തലസ്ഥാനമായ ബെല്‍ഗ്രേഡിലെ പ്രധാന റോഡ് 24 മണിക്കൂര്‍ പ്രതിഷേധക്കാര്‍ തടഞ്ഞതോടെയാണ് രാജി പ്രഖ്യാപിച്ചത്. മിലോസിന്റെ സെര്‍ബിയന്‍ പ്രോഗ്രസീവ് പാര്‍ട്ടിക്കാര്‍ ചൊവ്വാഴ്ച പ്രതിഷേധക്കാരിയായ വിദ്യാര്‍ഥിനിയെ മര്‍ദിച്ചതിന് പിന്നാലെയാണ് രാജിയെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രസിഡന്റ് അലക്‌സാണ്ടര്‍ വുജിച്ചിന്റെ ഏകാധിപത്യ ഭരണത്തോടുള്ള വ്യാപകമായ എതിര്‍പ്പ് അണപൊട്ടിയൊഴുകിയ സംഭവംകൂടിയായിരുന്നു ഇത്. ജനാധിപത്യ അവകാശങ്ങള്‍ പലതും കവരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ പ്രസിഡന്റ് നേരിടുന്നുണ്ട്.
Read more
സ്ഥിതിഗതികള്‍ തണുപ്പിക്കാന്‍ തന്റെ രാജി കാരണമാകട്ടെയെന്നു ഫുചേവിച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞു. നോവി സാഡ് നഗരത്തിലെ മേയറും രാജിവയ്ക്കും. രാജി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേ ഉണ്ടാകാന്‍ കാരണമായേക്കും. സെര്‍ബിയന്‍ പാര്‍ലമെന്റ് രാജി സ്ഥിരീകരിക്കേണ്ടതുണ്ട്.