പാകിസ്ഥാനിലെ പള്ളിയില്‍ ചാവേറാക്രമണം; 30 മരണം, അമ്പതിലധികം പേര്‍ക്ക് പരിക്ക്

പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയില്‍ ചാവേറാക്രമണം. 30 പേര്‍ മരിച്ചു.അമ്പതിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും പത്തോളം പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെള്ളിയാഴ്ച ഖുയ്സ ഖവാനി ബസാറിലെ മുസ്ലീം പള്ളിയില്‍ ജുമാ നമസ്‌കാരത്തിന് ഇടയിലാണ് സ്‌ഫോടനം ഉണ്ടായത്. ആയുധവുമായി രണ്ടു പേര്‍ പള്‌ലിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. അക്രമികള്‍ പള്ളിക്കു പുറത്ത് പൊലീസിനുനേരെ വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്ന് പെഷാവര്‍ പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാന്‍ പറഞ്ഞു.

സ്‌ഫോടനത്തില്‍ ഒരു പൊലീസുകാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ ലേഡി റീഡിങ് ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ഫോടനം ചാവേര്‍ ആക്രമണമാണെന്ന് പെഷവാര്‍ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സംഭവത്തെ അപലപിച്ചു. നടന്നത് ചാവേര്‍ ആക്രമണമാണ് ഇതേ കുറിച്ച് സൂചനയൊന്നും കിട്ടിയിരുന്നില്ലെന്ന് ആഭ്യന്ത്ര ഫെഡറല്‍ മന്ത്രി ശൈഖ് റഷീദ് അഹ്‌മദ് അറിയിച്ചു.