പ്രചാരണ രംഗത്തേക്ക് മടങ്ങിയെത്തി ട്രംപ്; ഇഷ്ടമുള്ളവരെ മാത്രേ കേൾക്കൂവെന്ന അവസ്ഥ മാറണമെന്ന് ബൈഡൻ

പ്രചാരണ രംഗത്തേക്ക് തിരികെയെത്തി മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. ശനിയാഴ്ച വെടിയേറ്റതിനെത്തുടർന്ന് ചികിത്സയിൽ ആയിരുന്ന ട്രംപ് ആശുപത്രയിൽ നിന്ന് തിരികെയെത്തി മണിക്കൂറുകൾക്ക് ശേഷമാണ് പ്രചാരണ രംഗത്തേക്ക് മടങ്ങിയെത്തിയത്. തന്റെ പ്രചാരണത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നു നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നു.

പ്രചാരണത്തിനായി മിൽവോക്കിലേക്ക് ട്രംപ് എത്തിയതായി മകൻ എറിക് ട്രംപ് അറിയിച്ചു. ട്രംപ് ഫോഴ്സ്​ വൺ (ബോയിങ് 757) എന്ന അദ്ദേഹത്തിന്റെ വിമാനം മിൽവോക്കിൽ ലാൻഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ട്രംപ് പ്രചാരണ രംഗത്തേക്ക് എത്തിയതായി എറിക് സ്ഥിരീകരിച്ചത്.

അതേസമയം ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും രംഗത്തെത്തി. രാഷ്ട്രീയ സംഘർഷങ്ങൾ സാധാരണവത്കരിക്കാൻ സാധിക്കില്ല എന്നായിരുന്നു ബൈഡന്റെ പ്രതികരണം. ഞായറാഴ്ച്ച രാത്രി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാഷ്ട്രീയത്തിലെ അരിശം കുറയ്ക്കണമെന്നാണ് ഇന്ന് രാത്രി എനിക്ക് നിങ്ങളോട് പറയാനുള്ളത്. മാത്രവുമല്ല പരസ്പരം വിയോജിക്കുന്നു എന്നതുകൊണ്ട് നമ്മൾ ശത്രുക്കളല്ല എന്നും നിങ്ങൾ ഓർമിക്കണം, നമ്മൾ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്.” ബൈഡൻ പ്രസംഗത്തിൽ പറഞ്ഞു. നമ്മുക്ക് അംഗീകരിക്കാനാകുന്നവരെ മാത്രമേ കേൾക്കൂ എന്ന അവസ്ഥയിൽ നിന്നും നമ്മൾ മാറേണ്ടത് അത്യാവശ്യമാണെന്നും, നമുക്കിടയിലെ വിഭാഗീയതയെ ആളിക്കത്തിക്കാൻ ചില വിദേശശക്തികൾ ശ്രമിക്കുന്നുണ്ടെന്നും, ബൈഡൻ പറയുന്നു.

അതേസമയം ട്രംപിന് വെടിയേറ്റ സംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗവും എഫ്ബിഐയും അറിയിച്ചു. യുഎസ് പ്രസിഡന്റിന്റെയും മുൻ പ്രസിഡന്റുമാരുടെയും സുരക്ഷ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയാണ്. ട്രംപ് പ്രസംഗിച്ചിരുന്ന വേദിയിൽ നിന്ന് 140 മീറ്റർ മാത്രം അകലെയുള്ള കെട്ടിടത്തിൽ നിന്നാണ് 20 കാരനായ തോമസ് മാത്യു ക്രൂക്ക് വെടിയുതിർത്തത്. കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് യുവാവ് നിരവധി തവണ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.