ചൈനീസ് ആപ്പായ ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ടിക് ടോകിന്റെ അമേരിക്കന്‍ നടത്തിപ്പിന്റെ ചുമതല മറ്റാര്‍ക്കെങ്കിലും കൈമാറിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു.
” ടിക് ടോക്കിന്റെ കാര്യം ആലോചിക്കുന്നുണ്ട്. അത് നിരോധിച്ചേക്കും. മറ്റ് ചില കാര്യങ്ങള്‍ കൂടി ചെയ്യും” ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ടിക് ടോക്കിന്റ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മൈക്രോ സോഫ്റ്റ് ആലോചിക്കുന്നതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഊഹാപോഹങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് ടിക് ടോക് വക്താവ് പറഞ്ഞു. ടിക് ടോക് വാങ്ങാന്‍ പോകുന്നുവെന്ന് വാര്‍ത്തയോട് പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റും തയ്യാറായില്ല.
ടിക് ടോക് കൈകാര്യം ചെയ്യുന്ന വിവരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച പ്രശ്‌നങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. വ്യക്തി വിവരങ്ങള്‍ ചൈനയ്ക്ക് വേണ്ടി ടിക്ക് ടോക് ചോര്‍ത്തുന്നുവെന്നതടക്കമാണ് ആരോപണം. ചില അമേരിക്കന്‍ കമ്പനികള്‍ ജീവനക്കാരോട് ടിക് ടോക് ആപ്പ് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ ടിക് ടോക് ഉള്‍പ്പെടെയുളള നിരവധി ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു.
ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറുന്നുവെന്ന ആരോപണം ടിക് ടോക് നിഷേധിച്ചിരുന്നു. സംശയം ദുരീകരിക്കുന്നതിനായി കാലിഫോര്‍ണിയ ആസ്ഥാനമായ ഡിസ്‌നിയുടെ എക്‌സിക്യൂട്ടിവ് കെവിന്‍ മെയറെ ചീഫ് എക്‌സിക്യൂട്ടിവായി നിയമിക്കുകയും ചെയ്തിരുന്നു.
Read more
ടിക് ടോകിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു കമ്പനിക്ക് നല്‍കണമെന്ന ഉത്തരവിടാന്‍ ട്രംപിന് അധികാരമുണ്ടോ എന്ന കാര്യത്തില്‍ ചിലര്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഗേ ഡേറ്റിംഗ് ആപ്പായിരുന്ന ഗ്രിന്ററിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു കമ്പനിക്ക് ഏല്‍പ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം അമേരിക്ക നിര്‍ദ്ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടിക് ടോകിനെ അപേക്ഷിച്ച് വളരെ ചെറിയ ആപ്പാണ് ഗ്രിന്റര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ ലോഡ് ചെയ്തത് ടിക് ടോക് ആപ്പാണ് 200 കോടി തവണ ഈ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യപ്പെട്ടുവെന്നാണ് കണക്ക്