കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് സഹപ്രവർത്തകക്ക്​ ചുംബനം; ബ്രിട്ടനിൽ ആരോഗ്യ സെക്രട്ടറി രാജിവെച്ചു

കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച് സഹപ്രവർത്തകയുമായി ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന്​ പിന്നാലെ  വിമർശനങ്ങളെ തുടര്‍ന്ന് യു.കെ ആരോഗ്യ സെക്രട്ടറി മാറ്റ്​ ഹാൻകോക്​​ രാജിവെച്ചു. ഹാൻകോകി​ൻെറ രാജി പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ സ്വീകരിച്ചു.

കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവർത്തക ജീന കൊളാഞ്ചലോയെ മന്ത്രി ചുംബിച്ചതാണ് രാജിയിലേക്ക് നയിച്ചത്.

ത​ൻെറ ഓഫിസിലെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ യുവതിയെ ഹാന്‍കോക് ചുംബിക്കുന്ന ചിത്രം “ദി സണ്‍” പത്രമാണ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. പിന്നാലെ ആരോഗ്യ സെക്രട്ടറി തന്നെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന ആരോപണം ഉയരുകയായിരുന്നു. തുടർന്ന്​ ആരോഗ്യ സെക്രട്ടറി മാപ്പ്​ പറഞ്ഞ്​ രംഗത്തെത്തുകയും ചെയ്​തിരുന്നു.

മേയ് ആറാം തീയതിയിലെ സി.സി.ടി.വി ദൃശ്യമാണ് ചിത്രമെന്ന് പത്രം വ്യക്തമാക്കിയിരുന്നു. മേയ് ആറ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് ബ്രിട്ടനില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചിരുന്നത്.

ഇതോടെ ലോക്ഡൗണ്‍ മാനദണ്ഡങ്ങൾ ആരോഗ്യ സെക്രട്ടറി തന്നെ ലംഘിച്ചതിനാൽ വന്‍ പ്രതിഷേധം ഉയരുകയായിരുന്നു. ഹാന്‍കോക്കിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തുകയും ചെയ്​തിരുന്നു. തുടർന്നാണ്​ രാജി പ്രഖ്യാപനം.