ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ഷുജൈയയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് ഇസ്രയേല്‍

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. പലസ്തീന്‍ അധികാര പരിധിയിലുള്ള സ്ഥലങ്ങളിലെ ഇസ്രയേല്‍ അധിനിവേശം അടിയന്തരമായി അവസാനിപ്പിക്കണമെന്നും യുഎന്‍ മേധാവി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും യുഎന്‍ പൊതുസഭയുടെയും വിധികള്‍ക്ക് അനുസൃതമായാണ് വെടിനിര്‍ത്തല്‍ വേണ്ടത്.

വെസ്റ്റ്ബാങ്കില്‍ തുടരുന്ന ഇസ്രയേല്‍ സൈനിക ആക്രമണങ്ങളെയും സെറ്റില്‍മെന്റുകളുടെ വിപുലീകരണത്തെയും നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകളെയും അദ്ദേഹം അപലപിച്ചു.

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയുടെ വിവിധയിടങ്ങളിലായി ഇന്നലെ 35 പേര്‍ കൊല്ലപ്പെട്ടു. 94 പേര്‍ക്ക് പരിക്കേറ്റു. ആക്രമണം രൂക്ഷമായ ഷുജൈയയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.

ബുറൈജിലും മഘാസിയിലും ആക്രമണത്തില്‍ കുട്ടികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഗാസയിലെ ആശുപത്രിയിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആശുപത്രിമേധാവിക്ക് ഗുരുതര പരിക്കേറ്റു. കമാല്‍ അദ്വാന്‍ ആശുപത്രിയുടെ മേധാവി ഡോക്ടര്‍ ഹുസാം അബു സഫിയക്കാണ് ലോഹച്ചീളുകള്‍ മുതുകിലും തുടയിലും തുളഞ്ഞുകയറി മാരകമായി പരിക്കേറ്റത്.