വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്. ഏപ്രില്‍ 9ന് ആണ് കിരണ്‍ റിജിജു മുനമ്പം സന്ദര്‍ശിക്കുക. മുനമ്പത്ത് എത്തുന്ന കേന്ദ്ര മന്ത്രിയ്ക്ക് വലിയ സ്വീകരണം നല്‍കാനാണ് മുനമ്പം സമരസമിതി തീരുമാനിച്ചിരിക്കുന്നത്. വൈകുന്നേരം നാല് മണിക്ക് കേന്ദ്രമന്ത്രി മുനമ്പത്തെത്തുമെന്നാണ് വിവരം.
എറണാകുളം എന്‍ഡിഎ ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കിരണ്‍ റിജിജു കേരളത്തില്‍ എത്തുന്നത്. വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ മുനമ്പത്ത് വലിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയ്ക്കും കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിയ്ക്കും ജയ് വിളിച്ചായിരുന്നു മുനമ്പത്തെ ആഘോഷം.
വഖഫ് ബില്ലിന്മേല്‍ ഇരുസഭകളിലും നടന്ന ചര്‍ച്ചകളില്‍ മുനമ്പം വിഷയം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയിരുന്നു. മുനമ്പം നിവാസികള്‍ക്ക് ബില്ല് ഗുണകരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെങ്കിലും നിയമത്തിന് മുന്‍കാല പ്രാബല്യം ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.
Read more
ലോക്സഭയിലും രാജ്യസഭയിലും വഖഫ് ബില്ലിനെ അനുകൂലിച്ചവരുടെയും എതിര്‍ത്തവരുടെയും പേരുകള്‍ മുനമ്പം സമര പന്തലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം നന്ദിയും രേഖപ്പെടുത്തിയിരുന്നു.