അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; ബൈഡൻ ചരിത്ര ജയത്തിന് അരികിലെന്ന് സൂചന, ട്രംപ് നിയമയുദ്ധത്തിന്

യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനർത്ഥി ജോ ബൈഡൻ ചരിത്ര ജയത്തിനരികിലെന്ന് സൂചന. ചാഞ്ചാടി നിൽക്കുന്ന സ്റ്റേറ്റുകളിൽ ഡോണൾഡ് ട്രംപിന്റെ ഭൂരിപക്ഷം കുറയുകയും നെവാഡയിൽ ജോ ബൈഡന്റെ ഭൂരിപക്ഷം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബൈഡൻറെ വിജയത്തിന് സൂചന നൽകുന്നത്. ബൈഡന് 264- ഉം ഡോണൾഡ് ട്രംപിന് 214- ഉം ഇലക്ടറൽ വോട്ടാണ് ഇതുവരെ ലഭിച്ചത്. വരാനിരിക്കുന്ന ഫലങ്ങൾ നിർണായകമെങ്കിലും അവസാന വിവര പ്രകാരം ജോ ബൈഡനാണ് വിജയ സാദ്ധ്യത. ട്രംപ് പക്ഷത്തിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ വരെയുള്ള കണക്കുകൾ പ്രകാരം 214 ഇലക്ടറൽ വോട്ടുകളായി. ഭൂരിപക്ഷത്തിൽ നിന്ന് 56 വോട്ട് കുറവ്. ഇപ്പോൾ മുന്നിൽ നിൽക്കുന്ന സ്റ്റേറ്റുകളിൽ എല്ലാം ജയിച്ചാലും ട്രംപിന് ഭൂരിപക്ഷം നേടാനാകില്ലെന്ന സ്ഥിതി.

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഒരു പ്രസിഡന്‍റിന് ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ടിലേക്ക് ബൈഡൻ എത്തി. ഏഴ് കോടിയിലധികം വോട്ടാണ് ബൈഡൻ നേടിയത്. 6.94 കോടി വോട്ടെന്ന ബാരക് ഒബാമയുടെ റെക്കോഡാണ് ബൈഡൻ മറികടന്നത്. എന്നാൽ പ്രസിഡന്‍റാകുമോയെന്ന ചോദ്യത്തിന് ഇപ്പോഴും പൂർണ മറുപടിയായിട്ടില്ല.

പരാജയപ്പെട്ടാൽ പ്രസിഡന്റ് സ്ഥാനത്തിരുന്നു വീണ്ടും മൽസരിച്ചു പരാജയപ്പെടുന്ന ആളെന്ന പേരാകും ട്രംപിന് ചാർത്തിക്കിട്ടുക. 1992- ൽ ജോർജ് എച്ച്. ഡബ്ല്യു. ബുഷിനു ശേഷം പ്രസിഡന്റായിരുന്നവർ വീണ്ടും മൽസരിക്കുമ്പോൾ പരാജയപ്പെട്ട ചരിത്രമില്ല. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാണ് ട്രംപിന്റെ നിലപാട്. ബൈഡൻ ജയിച്ച മിഷിഗൻ(16 ഇലക്ടറൽ വോട്ട്), വിസ്കോൻസെൻ(10), പെൻസിൽവേനിയ(20) സ്റ്റേറ്റുകളിൽ ട്രംപ് അനുയായികൾ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അന്തിമഫലമറിയാൻ നിയമയുദ്ധത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തുമെന്ന സൂചനയും ഇതോടെ ശക്തമായി.