ലോക നന്മയ്ക്കായി റഷ്യയ്‌ക്കൊപ്പം ചേര്‍ന്നെന്ന് പ്രധാനമന്ത്രി; മോദി പുടിനെ ആലിംഗനം ചെയ്തപ്പോള്‍ യുക്രൈനില്‍ 37 പേര്‍ കൊല്ലപ്പെട്ടെന്ന് സെലന്‍സ്‌കി

റഷ്യ ഓരോ ഇന്ത്യക്കാരനിലും വൈകാരികമായ അടുപ്പം സൃഷ്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഖ ദുഃഖങ്ങളിലെല്ലാം ഇന്ത്യയ്‌ക്കൊപ്പം നിന്ന സുഹൃത്താണ് റഷ്യയെന്നും മോദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ വിശ്വസ്തനായ സുഹൃത്താണ്. റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആഗോള ക്ഷേമത്തിനായി ഊര്‍ജ്ജം പകരാന്‍ ഇന്ത്യയും റഷ്യയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും ശക്തമായ അടിത്തറയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കെട്ടിപ്പടുത്തിരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതില്‍ സിനിമയും വലിയ പങ്ക് വഹിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ റഷ്യ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി രംഗത്തെത്തിയിരുന്നു. മോദിയുടെ റഷ്യ സന്ദര്‍ശനം സമാധാന ശ്രമങ്ങള്‍ക്ക് മേലുള്ള വിനാശകരമായ പ്രഹരമാണെന്ന് സെലന്‍സ്‌കി അഭിപ്രായപ്പെട്ടു. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയായിരുന്നു സെലന്‍സ്‌കി വിമര്‍ശനവുമായി രംഗത്തെത്തിയത്.

റഷ്യയുടെ ക്രൂരമായ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനില്‍ 37 പേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ 170 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും ക്രൂരനായ കുറ്റവാളിയെ മോസ്‌കോയില്‍ ആലിംഗനം ചെയ്യുന്നത് കാണേണ്ടി വന്നത് നിരാശാജനകമാണെന്നും സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു.

22ാമത് റഷ്യ-ഇന്ത്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് വ്‌ളാഡിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി റഷ്യയിലേക്ക് പോയത്. മോസ്‌കോയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് മോദി നടത്തിയ പ്രസംഗത്തില്‍ പുടിനെയും റഷ്യയെയും പ്രകീര്‍ത്തിച്ചെങ്കിലും യുക്രൈനു വേണ്ടി സംസാരിക്കാന്‍ തയ്യാറാകാത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം രാത്രി വ്ളാഡിമിര്‍ പുടിനൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

മൂന്നാം തവണും പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മോദി രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായാണ് മോസ്‌കോയിലെത്തിയത്. നേരത്തെ രണ്ട് ഇന്ത്യക്കാര്‍ റഷ്യന്‍-യുക്രെയ്ന്‍ യുദ്ധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടിരുന്നു. റഷ്യന്‍ സൈന്യത്തിനൊപ്പം നിരവധി ഇന്ത്യക്കാരുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.