ദുബായ് എക്‌സ്‌പോ; കാഴ്ച വിരുന്ന് അവസാനിക്കാന്‍ ഇനി 15 നാള്‍

കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ദുബായ് എക്‌സ്‌പോ അവസാനിക്കാറായപ്പോഴേക്കും ഇതുവരെ സന്ദര്‍ശിച്ചവരുടെ എണ്ണം രണ്ടുകോടിയിലേക്ക് എത്താറായി. കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചതും ആകര്‍ഷകമായ വിദ്യാഭ്യാസ പരിപാടികള്‍ ഒരുക്കിയതും സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായെന്നാണ് അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം എക്‌സ്‌പോയില്‍ 1.90 കോടി സന്ദര്‍ശകര്‍ എത്തി. 16 ലക്ഷം പേരാണ് കഴിഞ്ഞ ആഴ്ച മാത്രം എക്‌സ്‌പോയില്‍ എത്തിയത്. ഇനി 15 ദിവസം കൂടി മാത്രമാണ് എക്‌സ്‌പോ നടക്കുക.മാര്‍ച്ച് 31 ന് എക്‌സ്‌പോ അവസാനിക്കും. കുടുംബങ്ങളെ ആകര്‍ഷിക്കുന്ന നിരവധി പരിപാടികള്‍ എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്.

നിലവില്‍ എക്‌സ്‌പോയിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ്. 18 വയസില്‍ താഴെയുള്ള സന്ദര്‍ശകരുടെ എണ്ണം മാത്രം 2.7 ദശലക്ഷത്തിലധികമനായെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. എക്‌സ്‌പോ ആരംഭിച്ചപ്പോള്‍ രണ്ട് കോടി സന്ദര്‍ശകരെയാണ് ഇത്തവണ ലക്ഷ്യം വെക്കുന്നത് എന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നുമാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.