സമൂഹ മാധ്യമങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കുക; വ്‌ളോഗര്‍മാരും ഇന്‍ഫ്‌ളൂവന്‍സര്‍മാരും ജാഗ്രതൈ!; ഒന്നുകില്‍ ജയിലില്‍, അല്ലെങ്കില്‍ നാടുകടത്തല്‍; ശിക്ഷകള്‍ പ്രഖ്യാപിച്ച് യു.എ.ഇ

മൂഹ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപങ്ങള്‍ക്ക് കടുത്ത ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ച് യുഎഇ. സ്ഥാപനങ്ങളെയോ വ്യക്തികളെയോ അധിക്ഷേപിക്കുന്നവര്‍ ഇനി സൈബര്‍ നിയമത്തില്‍ കുടുങ്ങുമെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപത്തിന് 2 വര്‍ഷം തടവും പരമാവധി 5 ലക്ഷം ദിര്‍ഹം അതായത് 1.12 കോടി രൂപ വരെയുമാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

യുഎഇയില്‍ നിരന്തരം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍, വ്‌ളോഗര്‍ എന്ന പേരില്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമം. സമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും സമാന ശിക്ഷയുണ്ടാകുമെന്നും ഭരണകൂടം വ്യക്തമാക്കി.

അതേസമയം, ദുബായില്‍ സ്വകാര്യ ആശുപത്രിയെ സമൂഹമാധ്യമം വഴി അപമാനിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറോട് 5000 ദിര്‍ഹം പിഴ അടയ്ക്കാന്‍ കഴിഞ്ഞ ദിവസം ദുബായ് കോടതി ഉത്തരവിട്ടിരുന്നു. ആശുപത്രിക്കെതിരെ അപകീര്‍ത്തികരമായ ഭാഷയില്‍ പോസ്റ്റ് ചെയ്ത വിഡിയോ നീക്കം ചെയ്യാനും ഉത്തരവിട്ടു.

Read more

വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പ്രശസ്തിക്കു കോട്ടംതട്ടുംവിധം സമൂഹ മാധ്യമം വഴിയോ അല്ലാതെയോ അപകീര്‍ത്തിപ്പെടുത്തി സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിന് രണ്ടു തരത്തിലുള്ള ശിക്ഷ നേരിടേണ്ടിവരും. യുഎഇ പീനല്‍ കോഡ് (സെക്ഷന്‍ 425, 426) നിയമം അനുസരിച്ച് ക്രിമിനല്‍ കുറ്റമാണിത്. രണ്ടു വര്‍ഷം തടവും 20,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. ഫെഡറല്‍ സൈബര്‍ നിയമം (2021/34 43ാം വകുപ്പ്) അനുസരിച്ച് ഒരു വര്‍ഷം തടവും 2.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷയുണ്ടാകും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിക്കും. വിദേശിയാണെങ്കില്‍ നാടു കടത്തുമെന്ന മുന്നറിയിപ്പും ഭരണകൂടം നല്‍കുന്നു.