ടി20യില്‍ 24 ബോളില്‍ 24 വിക്കറ്റ്! അങ്ങനെയൊരു ബോളറുണ്ടെന്ന് പാക് താരം

ടി20 ക്രിക്കറ്റില്‍ ഒരു ബോളര്‍ക്ക് നാല് ഓവറാണ് പരമാവധി എറിയാനാവുക. അതായത് 24 ബോള്‍. ടി20 എന്നത് ബോളര്‍മാരേക്കാള്‍ ഏറെ ബാറ്ററുടെ ഗെയിം ആയതിനാല്‍ ബോളര്‍ കൃത്യത കൈവിട്ടാല്‍ വലിയ വില കൊടുക്കേണ്ടിവരും. അങ്ങനെ എങ്കില്‍ ടി20യിലെ മികച്ച ബോളര്‍ ആരായിരിക്കും. എറിയുന്ന ഓരോ ബോളിലും അപകടം വിതയ്ക്കാന്‍ പാകമുള്ള ബോളര്‍ ഉണ്ടോ? ഉണ്ടെന്നാണ് പാകിസ്താന്റെ സ്പിന്‍ ബോളിംഗ് ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍ പറയുന്നത്.

‘റാഷിദ് ഖാന്‍ വളരെ കഴിവുറ്റ ലെഗ് സ്പന്നറാണ്. ഒരു ടി20 സ്പെല്ലിലെ 24 ബോളുകളിലും വിക്കറ്റെടുക്കാനുള്ള കഴിവ് റാഷിദിനുണ്ട്. റാഷിദിന്റെ കൈയില്‍ നിന്നു വരുന്ന ബോള്‍ മനസ്സിലാക്കി കളിക്കുകയെന്നത് ക്രീസിലുള്ള ബാറ്ററെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്’ ഷദാബ് പറഞ്ഞു.

നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ സ്പിന്നറാണ് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍. ദേശീയ ടീമിനു വേണ്ടിയും ഐപിഎല്‍ ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളിലെ ടീമുകള്‍ക്കു വേണ്ടിയും തകര്‍പ്പന്‍ പ്രകടനമാണ് റാഷിദ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കിരീടം ചൂടിയ ഗുജറാത്ത ടൈറ്റന്‍സിന്റെ ഭാഗമായിരുന്നു റാഷിദും.

IPL 2022: GT's Rashid Khan becomes joint-fastest spinner to 100 wickets -  Firstcricket News, Firstpost

ടി20യില്‍ 61 മത്സരങ്ങളില്‍നിന്ന് 109 വിക്കറ്റുകളും ഏകദിനത്തില്‍ 83 മത്സരങ്ങളില്‍നിന്ന് 158 വിക്കറ്റും അഞ്ച് ടെസ്റ്റില്‍ നിന്ന് 34 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്. 92 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരത്തിന്റെ പേരില്‍ 112 വിക്കറ്റുകളുമുണ്ട്.