'സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം കണ്ട് അന്തം വിട്ട് ഗൗതം ഗംഭീർ'; പുറത്താകാൻ സാധ്യത

ഇന്ത്യൻ ടീമിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ കഷ്ടപ്പെടുന്ന താരമാണ് സഞ്ജു സാംസൺ. എന്നാൽ വളരെ വിരളമായി ലഭിക്കാറുള്ള അവസരങ്ങൾ ഉപയോഗിക്കാൻ താരത്തിന് സാധിക്കാറില്ല. ഇന്നലെ നടന്ന ഇന്ത്യ, ബംഗ്ലാദേശ് ടി-20 മത്സരത്തിൽ സഞ്ജു 7 പന്തുകളിൽ രണ്ട് ബൗണ്ടറികൾ അടക്കം 10 റൺസ് നേടി നിരാശയോടെയാണ് മടങ്ങിയത്. മുൻപ് ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടി-20 പരമ്പരയിലും സഞ്ജു അവസാന രണ്ട് മത്സരങ്ങൾ പൂജ്യത്തിന് പുറത്തായിരുന്നു.

ശേഷം നടന്ന ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയതിൽ പിന്നെയാണ് വീണ്ടും ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. എന്നാൽ ആദ്യ മത്സരത്തിൽ 29 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചെങ്കിലും രണ്ടാമത്തെ മത്സരത്തിൽ സഞ്ജു നിറം മങ്ങി. രണ്ടാമത്തെ ഓവറിലെ അവസാന പന്തിൽ ക്യാച്ച് കൊടുത്താണ് സഞ്ജു പുറത്തായത്. സഞ്ജുവിന്റെ പുറത്താകൽ കണ്ട് അന്തം വിട്ട് നിന്ന ഗൗതം ഗംഭീറിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.

പണ്ട് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ കളിപ്പിച്ചില്ലെങ്കിൽ അത് രാജ്യത്തിന് നഷ്ടമാകും എന്ന പറഞ്ഞ പരിശീലകൻ താരത്തിന്റെ പ്രകടനം കണ്ട് നിരാശനായിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ 86 റൺസിന് വിജയിച്ചിരുന്നു. ടോപ് ഓർഡർ നിറം മങ്ങിയപ്പോൾ മിഡിൽ ഓർഡർ ബാറ്റ്സ്മാൻമാരായ നിതീഷ് റെഡ്‌ഡി, റിങ്കു സിങ് സഖ്യമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. 51 പന്തുകളിൽ 108 റൺസിന്റെ പാർട്ണർഷിപ് ആണ് അവർ ഉണ്ടാക്കിയത്.

സീരീസ് വിജയിച്ചത് കൊണ്ട് അടുത്ത മത്സരത്തിൽ മറ്റു യുവ താരങ്ങൾക്ക് അവസരം ലഭിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്. സഞ്ജുവിനെ കൂടാതെ ഇന്ത്യൻ സ്‌ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് ജിതേഷ് ശർമ്മ. അവസാന ടി-20 മത്സരത്തിൽ അദ്ദേഹത്തെ ഇറക്കാനുള്ള സാധ്യത കൂടുതലാണ്.

Read more