ഇന്ത്യക്ക് കന്നി ലോക കപ്പ് നേടിത്തന്ന ക്യാപ്റ്റനാണ് കപില്‍ ദേവ്. കപില്‍ ആദ്യ കാലത്ത് കളിച്ചത് ഇതിഹാസ താരം ബിഷന്‍ സിംഗ് ബേദിക്ക് കീഴിലും. കഴിഞ്ഞ ദിവസം 75-ാം ജന്മദിനം ആഘോഷിച്ച ബേദിക്കൊത്തുള്ള ഒരു നിമിഷം കപില്‍ പങ്കുവയ്ക്കുന്നു. ഒരു ടെസ്റ്റില്‍ നൈറ്റ് വാച്ച്മാനായി ഇറങ്ങിയശേഷമുള്ള സംഭവമാണ് കപില്‍ പറയുന്നത്.
ബിഷന്‍ സിംഗ് ബേദിയാണ് ആ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. മത്സരദിനത്തിന്റെ അന്ത്യത്തില്‍ ഒരു വിക്കറ്റ് വീണപ്പോള്‍ ബേദി എന്നോട് ബാറ്റിംഗിന് ഇറങ്ങാനും നൈറ്റ്‌വാച്ച്മാനായി കളിക്കാനും ആവശ്യപ്പെട്ടു. നൈറ്റ്‌വാച്ച്മാന്‍ എന്ന വാക്ക് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. എന്താണ് നൈറ്റ്‌വാച്ച്മാന്‍ ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. ക്രീസിലെത്തിയ ഞാന്‍ 16 പന്തുകളില്‍ 22 റണ്‍സോ 25 റണ്‍സോ നേടിയശേഷം ഔട്ടായി- കപില്‍ പറഞ്ഞു.
ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തിയ ഞാന്‍ സന്തോഷവാനായിരുന്നു. ക്യാപ്റ്റന്‍ ബേദി എന്നെ അഭിനന്ദിക്കുമെന്ന് കരുതി. എന്നാല്‍ ഡ്രസിംഗ് റൂമിലേക്കു വന്ന ബേദി എന്നോട് കയര്‍ത്തു. ”ഹനുമാനേ അവിടെ എന്താണ് ചെയ്യുന്നത്. നൈറ്റ്‌വാച്ച്മാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പോലും നിനക്ക് അറിയില്ലേ ? പന്ത് പ്രതിരോധിക്കാന്‍ അറിയില്ലേ. ഇനിയൊരിക്കലും നീ നൈറ്റ്‌വാച്ച്മാനായി ക്രീസിലേക്ക് പോകില്ല”-എന്നായിരുന്നു ബേദി പറഞ്ഞതെന്നും കപില്‍ വെളിപ്പെടുത്തി. ബേദി ക്യാപ്റ്റനായിരുന്ന സമയത്ത് കപില്‍ പാക്കിസ്ഥാന്‍ പര്യടനത്തില്‍ കളിച്ചിരുന്നു. ആ പരമ്പരയിലെ ഏതെങ്കിലുമൊരു ടെസ്റ്റിലായിരിക്കാം കപില്‍ പറഞ്ഞ സംഭവം നടന്നതെന്ന് കരുതപ്പെടുന്നു.