ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടി 20 മത്സരത്തിൽ ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി ക്യാപ്റ്റൻ സൂര്യ കുമാർ യാദവ്. ഈ പരമ്പര തുടങ്ങിയിട്ട് ഇന്ത്യയുടെ 360 എന്ന് അറിയപ്പെടുന്ന താരത്തിന് ഇത് വരെയായി ടീമിൽ മികച്ച സംഭാവന ചെയ്യാൻ സാധിച്ചിട്ടില്ല. ഓപ്പണിങ് നിര പരാജയപ്പെട്ടപ്പോൾ ആരാധകർ പ്രതീക്ഷ വെച്ച മൂന്നാം നമ്പറിലിറങ്ങിയ താരം നേടിയത് ഏഴ് പന്തിൽ 14 റൺസാണ്. മികച്ച തുടക്കം ലഭിച്ചെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം.
മാർക്ക് വുഡിന്റെ പന്തിൽ ഫിൽ സാൾട്ടിന് ക്യാച് നൽകി സൂര്യ മടങ്ങി. 0, 12 എന്നിങ്ങനെയായിരുന്നു സൂര്യയുടെ ആദ്യ രണ്ട് ടി 20 മത്സരങ്ങളിലെ റൺസ്. ക്യാപ്റ്റൻസിയിലും താരം ഇന്നലെ ഫ്ലോപ്പായിരുന്നു എന്നാണ് ആരാധകരുടെ വാദം. അവസാനമായി കളിച്ച 6 ടി 20 മത്സരങ്ങളിൽ നിന്ന് സൂര്യ നേടിയത് വെറും 52 റൺസാണ്. ഇതിൽ വിമർശനവുമായി ഒരുപാട് മുൻ താരങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്.
ഈ പ്രകടനമാണ് തുടർന്നും താരം നടത്തുന്നതെങ്കിൽ ടി 20 ഫോര്മാറ്റിലേ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സൂര്യ കുമാറിന്റെ സ്ഥാനം നഷ്ട്ടപെടും. ഇന്നലെ ടീമിൽ മികച്ച പ്രകടനം നടത്തിയ ഹാർദിക് പാണ്ട്യയ്ക്ക് ക്യാപ്റ്റൻ സ്ഥാനം നൽകാൻ ബിസിസിഐ തീരുമാനം എടുക്കേണ്ടി വരും. ഹാർദിക് 35 പന്തിൽ 40 റൺസും, ബോളിങ്ങിൽ 2 വിക്കറ്റുകളും വീഴ്ത്തി.