ഇന്ത്യയെ തോല്‍പ്പിക്കാന്‍ അല്‍പ്പം പുളിക്കും; ഇംഗ്ലണ്ടിന് നിനച്ചിരിക്കാത്ത പ്രഹരം

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിയോടെ നില പരുങ്ങലിലായ ഇംഗ്ലണ്ടിന് അപ്രതീക്ഷിത പ്രഹരം. രണ്ടാം ടെസ്റ്റില്‍ അങ്കക്കലി മൂത്ത് പന്തെറിഞ്ഞ പേസര്‍ മാര്‍ക്ക് വുഡ് പരിക്കേറ്റ് പുറത്തായി. ബുധനാഴ്ച ലീഡ്‌സില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ വുഡ് കളിക്കാനുണ്ടാവില്ല. വുഡ് പുറത്തായത് പരമ്പരയില്‍ തിരിച്ചു വരാമെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങള്‍ക്കേറ്റ കനത്ത ക്ഷതമായി കണക്കാക്കപ്പെടുന്നു.

ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് വുഡിന് പരിക്കേറ്റത്. ഫീല്‍ഡിംഗിനിടെ വുഡിന്റെ വലത് തോളിന് പരിക്കേല്‍ക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലീഡ്‌സിലുള്ള ഇംഗ്ലണ്ട് ടീമിനൊപ്പം വുഡ് തുടരും. വുഡിന്റെ ചികിത്സയും ആരോഗ്യപരിശോധനകളും ലീഡ്‌സിലായിരിക്കും നടക്കുക.

ജോഫ്ര ആര്‍ച്ചര്‍, സ്റ്റ്യുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്ക് പിന്നാല വുഡും പരിക്കേറ്റ് പുറത്തായത് ഇംഗ്ലീഷ് പേസ് നിരയുടെ കരുത്ത് ചോര്‍ത്തുമെന്നത് ഉറപ്പാണ്. ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്തതും ഇംഗ്ലണ്ടിന്റെ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ചിരുന്നു.