കേരളത്തില്‍ ജനിച്ച് ഇന്ത്യക്ക് വേണ്ടി കളിച്ച മാന്നാറുകാരന്‍; ഓര്‍മയുണ്ടോ ഈ താരത്തെ?

നമ്മുടെ കേരളത്തില്‍ ജനിച്ച് ഇന്ത്യക്ക് വേണ്ടി കളിച്ച അബി കുരുവിളയെ ഓര്‍ക്കുന്നുണ്ടോ. ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് ജനിച്ചതെങ്കിലും, ജീവിതത്തിന്റെ ഭൂരിഭാഗവും ജീവിച്ച് വളര്‍ന്നതുമെല്ലാം മുബൈയിലായിരുന്നു.. എങ്കിലും കേരളത്തില്‍ നിന്നും ഉയര്‍ന്ന് വന്ന് ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ചുരുക്കം ചില കളിക്കാരില്‍ ഒരാളുമാണ് കുരുവിള. ടിനു യോഹന്നാനും, ശ്രീശാന്തും മാത്രമാണ് മറ്റ് താരങ്ങള്‍..

1997 കാലഘട്ടത്തിലാണ് അബി കുരുവിള ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. ജവഗല്‍ ശ്രീനാഥിനേറ്റ പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു രജ്ഞി ട്രോഫിയില്‍ മുംബൈക്ക് വേണ്ടിയുള്ള മികവിന്റെ അടിസ്ഥാനത്തില്‍ അബി കുരുവിള അന്ന് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ‘6 അടി.6 ഇഞ്ച്’ ഉയരവും വിശാലമായ ബോഡി ഫ്രെയിമും കൊണ്ട് ശ്രദ്ധേയനായ ഒരു ഫാസ്റ്റ് ബൗളര്‍ കൂടിയായിരുന്നു കുരുവിള.

ആ വര്‍ഷം മാര്‍ച്ചില്‍ വെച്ച് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തോടെയായിരുന്നു കുരുവിളയുടെ അരങ്ങേറ്റം.. ആ പരമ്പരയില്‍ ജമൈക്കയില്‍ വെച്ച് നടന്ന ആദ്യ ടെസ്റ്റിലൂടെയായിരുന്നു ഇന്ത്യക്ക് വേണ്ടി കുരുവിളയുടെ അരങ്ങേറ്റം. തുടര്‍ന്ന് ബാര്‍ബഡോസില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 68 റണ്‍സുകള്‍ വിട്ട് കൊടുത്ത് 5 വിക്കറ്റ് നേട്ടത്തിലൂടെ വെസ്റ്റ് ഇന്‍ഡീസിനെ 140 റണ്‍സില്‍ എറിഞ്ഞൊതുക്കിയ മികച്ച ബൗളിങ്ങ് ഫിഗറും കുരുവിളക്കുണ്ടായിരുന്നു. എങ്കിലും ആ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ വെറും 120 റണ്‍സ് മാത്രമുള്ള വിജയലക്ഷ്യത്തിനിറങ്ങിയ ഇന്ത്യന്‍ ടീം 81 റണ്‍സില്‍ മാത്രം ഒതുങ്ങി ആ ടെസ്റ്റ് അടിയറവും പറഞ്ഞു.

പിന്നീടങ്ങോട്ട് ആ കലണ്ടര്‍ വര്‍ഷത്തിലെ ഇന്ത്യയുടെ എല്ലാ ടെസ്റ്റ്, ഏകദിന മത്സരങ്ങളിലും കുരുവിള കളിച്ചു., എന്നാല്‍ അതെല്ലാം ശ്രീനാഥ് തിരിച്ച് വരുന്നത് വരെ മാത്രം. ശ്രീനാഥ് മടങ്ങിയെത്തിയതോടെ ഏതാണ്ട് ഡിസംബര്‍ മാസത്തോടെ ഇന്ത്യക്ക് വേണ്ടിയുള്ള കുരുവിളയുടെ കരിയറും അവസാനിച്ചു., പിന്നീട് അദ്ദേഹത്തെ ഒരിക്കലും ഇന്ത്യന്‍ ടീമില്‍ കളിപ്പിച്ചതുമില്ല.

ഇതിനിടെ മൊത്തം 10 ടെസ്റ്റ് മത്സരങ്ങളിലും, 25 ഏകദിന മത്സരങ്ങളിലും അബി കുരുവിള ഇന്ത്യക്ക് വേണ്ടി മത്സരിച്ചു. കൂടുതലായും ഏഷ്യയിലെ ഫ്‌ലാറ്റര്‍ പിച്ചുകളിലാണ് കുരുവിള കളിച്ചത്. എങ്കിലും മാന്യമായി തന്നെ പന്തെറിയുകയും ചെയ്ത് കൊണ്ട്, ഇരു ഫോര്‍മാറ്റിലുമായി 25 വിക്കറ്റുകള്‍ വീതം മൊത്തം 50 വിക്കറ്റുകളും കുരുവിള സ്വന്തമാക്കി.

ഒടുക്കം 2000-ഓട് കൂടി രഞ്ജി ട്രോഫിയില്‍ നിന്നും വിടവാങ്ങിക്കൊണ്ട് തന്റെ 31-മത്തെ വയസ്സില്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും കുരുവിള വിരമിക്കലും പ്രഖ്യാപിച്ചു.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍