ഇന്ത്യയ്ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടി. സ്റ്റാര്‍ ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീര പരമ്പരയില്‍നിന്നും പുറത്തായി. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന പകുതിയില്‍ പ്ിടിപെട്ട ശ്വാസകോശ സംബന്ധമായ അണുബാധയില്‍നിന്ന് ചമീര ഇപ്പോഴും സുഖം പ്രാപിച്ചുവരികയാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് അറിയിച്ചു.
ഇന്ത്യയ്ക്കെതിരായി വരാനിരിക്കുന്ന ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ചമീര ഉണ്ടാകില്ലെന്ന് ശ്രീലങ്കയുടെ ചീഫ് സെലക്ടര്‍ ഉപുല്‍ തരംഗ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചമീരയുടെ പകരക്കാരനായി അസിത ഫെര്‍ണാണ്ടോയെ പ്രഖ്യാപിച്ചു.
12 ടെസ്റ്റുകളും 52 ഏകദിനങ്ങളും 55 ടി20 മത്സരങ്ങളും കളിച്ച ചമീര യഥാക്രമം 32, 56, 55 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. എന്നിരുന്നാലും, പരിക്കുകള്‍ കാരണം അദ്ദേഹത്തിന് നിരവധി പ്രധാന ടൂര്‍ണമെന്റുകള്‍ നഷ്ടമായി. 2022ലെ ഏഷ്യാ കപ്പും ആ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പും കാലിനേറ്റ പരിക്ക് കാരണം അദ്ദേഹത്തിന് നഷ്ടമായി.
2023ല്‍ തോളിനേറ്റ പരുക്ക് അദ്ദേഹത്തെ ഏഷ്യാ കപ്പില്‍ നിന്നും ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് ടീമിലേക്ക് ചമീരയെ ആദ്യം തിരഞ്ഞെടുത്തിരുന്നില്ല, എന്നാല്‍ സഹ പേസര്‍ മതീഷ പതിരണയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് പകരക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.