വയനാട് പുനരധിവാസം; ജനുവരി 15ന് ആദ്യഘട്ട പട്ടിക പുറത്തിറക്കുമെന്ന് മന്ത്രി കെ രാജന്‍

വയനാട് പുനരധിവാസത്തിനുള്ള ആദ്യ ഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. ഫെബ്രുവരി 10ന് രണ്ടാം ഘട്ട ലിസ്റ്റ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഇതുവരെ കണ്ടെത്താനാകാത്തവരുടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടൊപ്പം 5 സെന്റ്, 10 സെന്റ് വിവേചനം എന്ന പരാതിയില്‍ ദുരന്തബാധിതരുടെ നിലപാട് കൂടി പരിഗണിക്കുമെന്നും റവന്യു മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് റവന്യൂ മന്ത്രി കല്‍പ്പറ്റയിലെത്തി ഉദ്യോഗസ്ഥ തല യോഗം ചേര്‍ന്നു. കിഫ്കോണ്‍, ഊരാളുങ്കല്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണം. ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

പുനരധിവാസ പദ്ധതിയ്ക്ക് ഐഎഎസ് തലത്തിലുള്ള പ്രത്യേക ഉദ്യോഗസ്ഥനെ നാളെ നിയമിക്കും. എല്‍സ്റ്റണ്‍ , നെടുമ്പാല എസ്റ്റേറ്റുകളില്‍ വിവിധതരത്തിലുള്ള സര്‍വ്വേകളുടെ പൂര്‍ത്തീകരണം 20 ദിവസത്തിനകം സാധ്യമാക്കും. ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്താള്ളാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.