ചാമ്പ്യൻസ് ട്രോഫിയിലെ തിരിച്ചടി: അപ്രതീക്ഷിത വിരമിക്കലിനൊരുങ്ങി പാക് സൂപ്പർ താരം, കുടുംബത്തോടൊപ്പം രാജ്യം വിടാനും നീക്കം

ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ പാകിസ്ഥാന്റെ നിരാശാജനകമായ പ്രചാരണത്തെത്തുടർന്ന് പാകിസ്ഥാന്റെ സ്റ്റാർ ഓപ്പണർ ഫഖർ സമാൻ ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. കളിക്കാരനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്ഥാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് 34 കാരൻ തന്റെ തീരുമാനം പിസിബിയെ അറിയിച്ചതായാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നു.

“ചാമ്പ്യൻസ് ട്രോഫി എന്റെ അവസാന ഐസിസി ടൂർണമെന്റായിരിക്കും. ഏകദിന ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു “, സമാൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വിരമിക്കാനുള്ള പദ്ധതികൾ പുനഃപരിശോധിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഫഖർ സമനോട് നിർദ്ദേശിച്ചതായും റിപ്പോർ‌‌ട്ടുണ്ട്.

അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങളാണ്. സമാൻ ഹൈപ്പർതൈറോയിഡിസവുമായി മല്ലിടുകയാണ്, ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചു. കൂടാതെ, ചാമ്പ്യൻസ് ട്രോഫിയിലെ പാകിസ്ഥാന്റെ ആദ്യ മത്സരത്തിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയും ഒടുവിൽ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തു.

സെലക്ഷൻ കാര്യങ്ങളിൽ, പ്രത്യേകിച്ച് ലീഗ് ക്രിക്കറ്റ് പങ്കാളിത്തത്തിന് ആവശ്യമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (എൻഒസി) സംബന്ധിച്ച് സമാൻ നിരാശനാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇടംകൈയ്യൻ ബാറ്റർ തൻ്റെ കുടുംബത്തെ വിദേശത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് പോലും ആലോചിക്കുന്നുണ്ട്.