BGT 2024-25: 'ഗാബയില്‍ ഒരു സ്പിന്നറെ കളിപ്പിക്കുന്നുണ്ടെങ്കില്‍ ഇന്ത്യ അവനെ പരിഗണിക്കണം'; നിര്‍ദ്ദേശവുമായി ഹര്‍ഭജന്‍ സിംഗ്

അഡ്ലെയ്ഡ് ഓവലില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം തോറ്റതോടെ പരമ്പര 1-1ന് സമനിലയിലാണ്. അതിനാല്‍ ഡിസംബര്‍ 14 ശനിയാഴ്ച മുതല്‍ ബ്രിസ്ബേനിലെ ഗാബയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ വലിയ തിരിച്ചുവരവാണ് ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്. മത്സരത്തിന് മുന്നോടിയായി, പരമ്പരയും അവരുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നോക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന് ജയം അനിവാര്യമാണ്.

നിര്‍ണായക ഗെയിമിന് മുമ്പായി ടീം അഭിമുഖീകരിക്കേണ്ട മറ്റ് നിരവധി പ്രശ്നങ്ങള്‍ക്കിടയില്‍, തിരഞ്ഞെടുക്കേണ്ട സ്പിന്‍ ഓപ്ഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാണ്. രവിചന്ദ്രന്‍ അശ്വിനെ ടീം അഡ്‌ലെയ്്ഡില്‍ ഇറക്കിയപ്പോള്‍, അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പകരം വാഷിംഗ്ടണ്‍ സുന്ദറിനെ തിരഞ്ഞെടുക്കാന്‍ ഹര്‍ഭജന്‍ സിംഗ് ഇന്ത്യയെ ഉപദേശിച്ചു.

ഗാബയില്‍ ഒരു സ്പിന്നറെ കളിപ്പിക്കേണ്ടി വന്നാല്‍, ടീം ഇന്ത്യ വാഷിംഗ്ടണ്‍ സുന്ദറിനെ തിരിഞ്ഞുനോക്കുമെന്ന് ഞാന്‍ കരുതുന്നു. കാരണം പെര്‍ത്തില്‍ അദ്ദേഹം നന്നായി കളിച്ചു, ബൗളിംഗും മികച്ചതായിരുന്നു. ന്യൂസിലന്‍ഡിന് മുന്നിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. അതിനാല്‍, അവനും ആത്മവിശ്വാസം തോന്നിയിരിക്കണം- ഹര്‍ഭജന്‍ പറഞ്ഞു.

ചേതേശ്വര്‍ പൂജാരയും ഈ ചിന്തയെ പിന്തുണയ്ക്കുകയും ഗാബയില്‍ കളിക്കാന്‍ സുന്ദറിനെ പിന്തുണക്കുകയും ചെയ്തു. ജഡേജ ഇതുവരെ പരമ്പരയില്‍ ഇടംപിടിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. മറുവശത്ത്, രണ്ടാം ടെസ്റ്റില്‍ അശ്വിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. ഇന്ത്യന്‍ ടീമിന് ബാറ്റിംഗ് ഡെപ്ത് നല്‍കുന്നതിനും സുന്ദറിന്റെ തിരഞ്ഞെടുപ്പ് അനിവാര്യമാണെന്നാണ് പുജാര പറയുന്നത്.