BGT 2024-25: 'നന്മനിറഞ്ഞവന്‍ രോഹിത് ശര്‍മ്മ'; സ്മിത്തിന് 33-ാം ടെസ്റ്റ് സെഞ്ച്വറി, ഒരു വര്‍ഷത്തിനിടെ ആദ്യം

പരീക്ഷണ കാലഘട്ടങ്ങളെ അതിജീവിച്ച് സ്റ്റീവ് സ്മിത്ത് ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം സെഞ്ച്വറി തികച്ചു. കുറച്ചുനാളായി റണ്ണിനായി പാടുപെടുന്ന മുന്‍ ക്യാപ്റ്റന്‍ സമര്‍ത്ഥമായി ബാറ്റ് ചെയ്ത് 185 പന്തില്‍ തന്റെ 33-ാം ടെസ്റ്റ് സെഞ്ച്വറി തികച്ചു. ഒരു വര്‍ഷത്തിനിടെയിലെ താരത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ താരം ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 190 ബോള്‍ നേരിട്ട താരം 12 ഫോറുകളുടെ അകമ്പടിയില്‍ 101 റണ്‍സ് നേടി.

ഓപ്പണര്‍ എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ സ്റ്റീവ് നാലാം സ്ഥാനത്തേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു. ഡേവിഡ് വാര്‍ണറുടെ വിരമിക്കലിന് ശേഷം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ട്രാവിസ് ഹെഡ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടി. ആദ്യ ഓവര്‍ മുതല്‍ തന്നെ അറ്റാക്കിംഗ് ബട്ടണില്‍ അമര്‍ത്തിയ അദ്ദേഹം എല്ലാ ഇന്ത്യന്‍ ബോളര്‍മാര്‍ക്കെതിരെയും ശക്തമായി നീങ്ങി 115 ബോളില്‍ സെഞ്ച്വറി തികച്ചു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് നാലിന് 318 റണ്‍സെന്ന ശക്തമായ നിലയിലാണ്. 149* റണ്‍സുമായി ഹെഡും റണ്‍സൊന്നും നേടാതെ മിച്ചെല്‍ മാര്‍ഷുമാണ് ക്രീസില്‍. മത്സരത്തില്‍ ടോസ് ലഭിച്ചിട്ടും ഓസീസിനെ ബാറ്റിംഗിന് അയച്ച രോഹിത്തിനെതിരെ വിമര്‍ശനം ശക്തമാണ്.

Read more