ചാമ്പ്യന്‍സ് ട്രോഫി 2025: ന്യൂസിലന്‍ഡിന് വമ്പന്‍ തിരിച്ചടി, തലകള്‍ പുകയുന്നു

2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ന്യൂസിലന്‍ഡിന് വലിയ തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പരിക്ക്. കിവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസണ് പരിക്കിനെത്തുടര്‍ന്ന് ഇവന്റ് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഡെസേര്‍ട്ട് വൈപ്പേഴ്സും (ഡിവി) ദുബായ് ക്യാപിറ്റല്‍സും (ഡിസി) തമ്മിലുള്ള യുഎഇയുടെ ഐഎല്‍ടി20 ക്വാളിഫയര്‍ 1 മത്സരത്തിനിടെ വലംകൈയ്യന്‍ പേസര്‍ക്ക് ഹാംസ്ട്രിംഗിന് പരിക്കേറ്റു.

ഐഎല്‍ടി20യില്‍ അദ്ദേഹം വൈപ്പേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. ഫെബ്രുവരി 9 ഞായറാഴ്ച ക്യാപിറ്റല്‍സിനെ നേരിടാന്‍ ടീം ഫൈനലില്‍ എത്തിയിട്ടുണ്ട്. തുടക്കത്തില്‍ പരിക്ക് നിസ്സാരമായി കണക്കാക്കിയെങ്കിലും, സ്‌കാനിംഗില്‍ പരിക്ക് സാരമുള്ളതാണെന്ന് കണ്ടെത്തി.

ചാമ്പ്യന്‍സ് ട്രോഫിക്കുമായി ഫെര്‍ഗൂസന്റെ പാകിസ്ഥാനിലേക്കുള്ള യാത്രാ പദ്ധതികള്‍ തീരുമാനിക്കുന്നതിന് മുമ്പ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കാത്തിരിക്കുകയാണെന്ന് ന്യൂസിലന്‍ഡ് ഹെഡ് കോച്ച് ഗാരി സ്റ്റെഡ് വെളിപ്പെടുത്തി.

ഞങ്ങള്‍ക്ക് സ്‌കാന്‍ ഇമേജുകള്‍ ലഭിച്ചു, വീണ്ടെടുക്കല്‍ ടൈംലൈന്‍ മനസിലാക്കാന്‍ ഞങ്ങളുടെ സ്‌പെഷ്യലിസ്റ്റുകളെ സമീപിക്കുകയാണ്. വരാനിരിക്കുന്ന ടൂറുകളില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും- അദ്ദേഹം പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി അടുക്കവേ പ്രമുഖ ടീമുകളുടെ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലാണ്. ഇന്ത്യയുടെ കാര്യമെടുക്കാന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുറയുടെ കാര്യം സംശയത്തിലാണ്. ഓസീസ് നിരയില്‍ പാറ്റ് കമ്മിന്‍സും, ഹേസല്‍വുഡും ടൂര്‍ണമെന്‍റില്‍നിന്നും പുറത്തായി. ഈ വിടവുകള്‍ നികത്താന്‍ തലപുകയ്ക്കുകയാണ് ടീം അധികൃതര്‍.

Read more