ചാമ്പ്യന്‍സ് ട്രോഫി 2025: പാകിസ്ഥാനെ തേച്ച് ഐസിസി, ഇന്ത്യയുടെ മത്സരങ്ങള്‍ പുറത്തേയ്ക്ക്: റിപ്പോര്‍ട്ട്

ഓരോ ദിവസം കഴിയുന്തോറും പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025-നെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ തലപൊക്കുകയാണ്. ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്രയ്ക്ക് തയ്യാറാണെന്ന് പ്രാരംഭ മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ടൂര്‍ണമെന്റിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. ദി എക്‌സ്പ്രസ് ട്രിബ്യൂണിലെ ഒരു റിപ്പോര്‍ട്ട്, ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീം ഇന്ത്യയുടെ മത്സരങ്ങള്‍ ഐസിസി ദുബായില്‍ നടത്തിയേക്കുമെന്ന് അവകാശപ്പെടുന്നു.

ജൂലൈ 19 മുതല്‍ 22 വരെ കൊളംബോയില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ ഐസിസിയുടെ അന്തിമ തീരുമാനം ഉണ്ടാകൂ. മത്സരങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് മാറ്റുകയാണെങ്കില്‍, ദുബായ് ഒരു സാധ്യതയുള്ള വേദിയായി ഉയര്‍ന്നുവരും. അങ്ങനെയെങ്കില്‍, യാത്ര എളുപ്പമാക്കാന്‍ മത്സരങ്ങള്‍ കറാച്ചിയും ദുബായിലുമായി വിഭജിക്കും. ലാഹോര്‍, റാവല്‍പിണ്ടി എന്നിവയും പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം, ഏഷ്യാ കപ്പിലും, ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാന്‍ വിസമ്മതിച്ചിരുന്നു. അതിനാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടത്തിയത്. മാത്രമല്ല, ടൂര്‍ണമെന്റില്‍ ഇന്ത്യ കൂടുതല്‍ മുന്നോട്ട് പോയാല്‍, സെമിയും ഫൈനലും പാകിസ്ഥാനില്‍നിന്ന് മാറും.

ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഒരേ ഗ്രൂപ്പിലായിരിക്കും. ഗ്രൂപ്പ് എയില്‍ ന്യൂസിലാന്‍ഡും ബംഗ്ലാദേശും ഉണ്ടാകും. ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരും ഉള്‍പ്പെടും.

Read more