CHAMPIONS TROPHY 2025: ഇംഗ്ലണ്ട് പുറത്ത്, സൗത്താഫ്രിക്ക ഓസ്ട്രേലിയ അഫ്ഗാനിസ്ഥാൻ ടീമുകളുടെ സെമി സാധ്യത ഇങ്ങനെ; ആ കാര്യം സംഭവിച്ചാൽ ഇന്ത്യക്ക് ലോട്ടറി

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പാകിസ്ഥാന് പിന്നാലെ പുറത്താകുന്ന ടീമായി ഇംഗ്ലണ്ട്. ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാനോട് എട്ട് റൺസിന് തോറ്റതോടെയാണ് ഇംഗ്ലണ്ട് പുറത്തായത്. ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാൻ 326 വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 177 റൺസെടുത്ത ഇബ്രാഹിം സദ്രാൻറെ മികവിലാണ് അഫ്ഗാൻ മികച്ച സ്‌കോറിൽ എത്തിയത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 49.5 ഓവറിൽ 317ന് എല്ലാവരും പുറത്തായി. 120 റൺസ് നേടിയ ജോ റൂട്ട് ഇംഗ്ലണ്ടിനായി തിളങ്ങി.

ആദ്യ മത്സരത്തിൽ 351 റൺസ് നേടിയെങ്കിലും ബോളിങ്ങിലെ മോശം പ്രകടനം കാരണം ഇംഗ്ലണ്ട് ഓസ്‌ട്രേലിയോട് തോറ്റിരുന്നു. ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും നാളെ ഏറ്റുമുട്ടുമ്പോൾ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം മാർച്ച് 1 ന് നടക്കും. അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്ക് എങ്ങനെ ചാമ്പ്യൻസ് ട്രോഫി 2025-ൻ്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടാനാകും, നമുക്ക് നോക്കാം:

അഫ്ഗാനിസ്ഥാൻ: മത്സരത്തിൻ്റെ അടുത്ത റൗണ്ടിലെത്താൻ അവർക്ക് ഓസ്‌ട്രേലിയയെ തോൽപ്പിക്കേണ്ടിവരും. തോറ്റാൽ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താകും. തങ്ങളുടെ മഴ മൂലം മത്സരം റദ്ദായാൽ, അവർക്ക് യോഗ്യത നേടാനുള്ള സാധ്യത കുറയും. സൗത്താഫ്രിക്കയെ മറികടക്കാൻ ഇംഗ്ലണ്ട് സഹായം അപ്പോൾ അവർക്ക് വേണ്ടിവരും. വലിയ മാർജിനിൽ ഇംഗ്ലണ്ട് സൗത്താഫ്രിക്കയെ അതിന് തോൽപിക്കണം. നിലവിൽ അതിന് സാധ്യത കുറവാണെന്ന് പറയാം. അഫ്ഗാനിസ്ഥാൻ ഓസ്‌ട്രേലിയയെ തോൽപ്പിക്കുകയും ഇംഗ്ലണ്ട് സൗത്താഫ്രിക്ക മത്സരത്തിൽ സൗത്താഫ്രിക്ക വിജയിക്കുകയും ചെയ്താൽ അഫ്ഗാൻ രണ്ടാം സ്ഥാനക്കാരായി സെമിയിൽ ഏത്തം. അങ്ങനെ വന്നാൽ അടുത്ത മത്സരത്തിൽ കിവീസിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനത്ത് എത്തുന്ന ഇന്ത്യക്ക് സെമിയിൽ അഫ്ഗാനിസ്ഥാൻ എതിരാളിയായി എത്തും.

ഓസ്‌ട്രേലിയ – ഓസ്‌ട്രേലിയയ്‌ക്ക് രണ്ട് കളികളിൽ നിന്ന് മൂന്ന് പോയിൻ്റുണ്ട്, അഫ്ഗാനിസ്ഥാനെതിരായ വിജയം സെമി ഫൈനലിലെ സ്ഥാനം ഉറപ്പിക്കും. എന്നിരുന്നാലും, അഫ്ഗാനിസ്ഥാനോട് തോറ്റാൽ, അവർ ഇംഗ്ലണ്ടിൻ്റെയും ദക്ഷിണാഫ്രിക്കയുടെയും മത്സര ഫലത്തെ ആശ്രയിക്കും. ദക്ഷിണാഫ്രിക്കയെ വലിയ മാർജിനിൽ തോൽപ്പിക്കാൻ ഓസ്‌ട്രേലിയയ്ക്ക് ഇംഗ്ലണ്ടിന്റെ സഹായം ആവശ്യമാണ്.

ദക്ഷിണാഫ്രിക്ക– ദക്ഷിണാഫ്രിക്ക മൂന്ന് പോയിൻ്റ് നേടി പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുന്നു. അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ അടുത്ത റൗണ്ടിലേക്ക് കടക്കും. എന്നിരുന്നാലും, ഇംഗ്ലണ്ടിനെതിരെ അവർ പരാജയപ്പെട്ടാൽ, അവരുടെ നെറ്റ് റൺ റേറ്റ് (+2.140) കാരണം അവർക്ക് വീണ്ടും അവസരം ലഭിക്കും. അതിന് ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ മതിയാകും.