ചാമ്പ്യന്‍സ് ട്രോഫിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അനായാസം ജയിച്ചു കയറി ടീം ഇന്ത്യ. സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്‍ മുന്നില്‍നിന്നു നയിച്ച മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചു കയറിയത്. ബംഗ്ലാദേശ് മുന്നോട്ടു വെച്ച 229 റണ്‍സ് വിജയലക്ഷ്യം 46.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
129 ബോള്‍ നേരിട്ട ഗില്‍ രണ്ട് സിക്സിന്‍റെയും 9 ഫോറിന്റെയും അകമ്പടിയില്‍ 101 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ്മ, 36 ബോളില്‍ 41, വിരാട് കോഹ്‌ലി 38 ബോളില്‍ 22, ശ്രേയസ് അയ്യര്‍ 17 ബോളില്‍ 15, അക്‌സര്‍ പട്ടേല്‍ 12 ബോളില്‍ 8 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. കെഎല്‍ രാഹുല്‍ 47 ബോളില്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ രണ്ട് വിക്കറ്റും ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്ിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സെടുത്തു എല്ലാവരും പുറത്തായി. സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയി ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. താരം 118 ബോളില്‍ 2 സിക്സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 100 റണ്‍സെടുത്തു.
ഒരുവേള 35 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ തൗഹിദ് ഹൃദോയി-ജേക്കര്‍ അലി കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 154 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ജേക്കര്‍ അലി 114 ബോളില്‍ 68 റണ്‍സെടുത്തു.
തന്‍സിദ് ഹസന്‍ 25 ബോളില്‍ 25, റിഷാദ് ഹൊസൈന്‍ 12 ബോളില്‍ 18 എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷിദ് റാണ മൂന്നും അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.