2025 ലെ ചാമ്പ്യൻസ് ട്രോഫി പോരാട്ടത്തിലേക്ക് പോകുന്ന ഇന്ത്യയേക്കാൾ പാകിസ്ഥാന് മുൻതൂക്കം ഉണ്ടെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് പറഞ്ഞു. മത്സരം നടക്കുന്നത് ദുബായിൽ ആണ് എന്നും അതിനാൽ തന്നെ പാകിസ്ഥാന് അവിടെ മത്സരപരിചയം കൂടുതൽ ആണെന്നും അതിനാൽ തന്നെ അവർക്ക് ആധിപത്യം ഉണ്ടെന്നും യുവരാജ് പറഞ്ഞു.
2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ ദുബായിൽ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റ് ജയത്തോടെയാണ് ടീം ഇന്ത്യ തങ്ങളുടെ പ്രചാരണം ആരംഭിച്ചത്. മറുവശത്ത്, കറാച്ചിയിൽ നടന്ന ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാൻ 60 റൺസിന് ന്യൂസിലൻഡിനോട് പരാജയപ്പെട്ടു. ഇന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം നടക്കുമ്പോൾ ആവേശം വാനോളമാണ്.
“പാകിസ്താന് ദുബായിൽ ഒരു ബേസ് ഉള്ളതിനാൽ അവർക്ക് ഒരു നേട്ടമുണ്ടെന്ന് ഞാൻ കരുതുന്നു. അവർ അവിടെ ധാരാളം ക്രിക്കറ്റ് കളിക്കുകയും സാഹചര്യങ്ങൾ നന്നായി മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.
“ഇന്ത്യക്ക് മാച്ച് വിന്നർമാർ കൂടുതലാണ്. എന്നാൽ മത്സരം നടക്കുന്ന ദുബായ് സാഹചര്യങ്ങൾ പാകിസ്താനെ സംബന്ധിച്ച് ആധിപത്യം നൽകുന്ന കാര്യമാണ്” 43 കാരനായ അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ഇന്ത്യയോട് ജയിച്ചില്ലെങ്കിൽ പണി പാളും എന്ന അവസ്ഥയിലാണ് പാകിസ്ഥാൻ. തോറ്റാൽ സെമി എത്താതെ പുറത്താകുന്ന ആദ്യ ടീമായി പാകിസ്ഥാൻ മാറും.