ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ മത്സരം നാളെ 2.30 നു ദുബായിൽ വെച്ച് നടക്കും. 2022 ടി 20 ലോകകപ്പ്, 2023 ഏഷ്യ കപ്പ്, 2023 ഏകദിന ലോകകപ്പ്, 2024 ടി 20 ലോകകപ്പ് എന്നി ടൂർണമെന്റുകളിൽ ഒന്നിൽ പോലും ഇന്ത്യയോട് വിജയിക്കാൻ പാകിസ്താന് സാധിച്ചിട്ടില്ല. പാക്കിസ്ഥാൻ ആതിഥേയരാകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ പരാജയപെടുത്തുന്നതാണ് അവരുടെ പ്രധാന ലക്ഷ്യം.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട് 60 റൺസിന് ആതിഥേയർ പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരം ഇന്ത്യയോടും തോൽവി ഏറ്റുവാങ്ങിയാൽ ടൂർണമെന്റിൽ നിന്ന് ആദ്യം പുറത്താകുന്നത് പാകിസ്ഥാൻ തന്നെയായിരിക്കും. പാകിസ്താന്റെ ഏറ്റവും വലിയ പോരായ്മ എന്താണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സൗരവ് ഗാംഗുലി.
സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെ:
” വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് ഏറ്റവും മികച്ച ടീം. അവരെ തോൽപിക്കാൻ എതിർ ടീമുകൾക്ക് പ്രയാസമാണ്. കഴിഞ്ഞ 25 വർഷമായി ഇന്ത്യ ഒരു തവണ മാത്രമാണ് ഒരു ഐസിസി ടൂർണമെന്റിൽ പാകിസ്താനോട് പരാജയം ഏറ്റു വാങ്ങിയിരിക്കുന്നത്. കപ്പ് നേടാൻ ഇന്ത്യക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യത. പാകിസ്ഥാന് ടൂർണമെന്റ് കുറച്ച് ടഫ് ആണ്”
സൗരവ് ഗാംഗുലി തുടർന്നു:
” പാകിസ്ഥാൻ സ്പിൻ നന്നായി കളിക്കില്ല. ഇന്ത്യക്ക് മികച്ച സ്പിന്നർമാരുണ്ട്. അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് മികച്ച സ്പിന്നർമാരാണ്. ദുബായ് പിച്ച് ഇന്ത്യക്ക് അനുകൂലമാണ്. ഈ കോമ്പിനേഷൻ വെച്ച് തന്നെയായിരിക്കും ഇന്ത്യ മുൻപോട്ട് പോകുക” സൗരവ് ഗാംഗുലി പറഞ്ഞു.