ചാമ്പ്യൻസ് ട്രോഫിയിലെ ആവേശകരമായ ഇന്ത്യ-പാക് പോരാട്ടത്തിൽ വിജയക്കൊടി പാറിച്ച് രോഹിത് ശർമ്മയും സംഘവും ഇന്നലെ ഇന്ത്യൻ ആരാധകർക്ക് സന്തോഷം സമ്മാനിച്ചിരുന്നു. ദുബായിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ വിജയം. പാകിസ്ഥാൻ മുന്നോട്ടുവെച്ച 242 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 42. ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
111 പന്തിൽ 7 ബൗണ്ടറികൾ അടക്കം 100 റൺസാണ് താരം നേടിയത്. ബൗണ്ടറിയിൽ നിന്നും മാത്രം 28 റൺസും ബാക്കി 72 റൺസ് അദ്ദേഹം ബിറ്റ്‌വീൻ ദി വിക്കറ്റ്സിലൂടെ ഓടിയാണ് സെഞ്ചുറി നേട്ടത്തിലെത്തിയത്. 20 റൺസ് നേടി തുടക്കത്തിലേ രോഹിത് ശർമ്മ പുറത്തായതോടെ പാകിസ്താന് കാര്യങ്ങൾ എളുപ്പമായി എന്നാണ് അവർ ചിന്തിച്ചത്. എന്നാൽ വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സ് അവരുടെ പദ്ധതികളെ എല്ലാം തകിടം മറിച്ചു.
നാളുകൾ ഏറെയായി ഫോം ഔട്ട് ആയിരുന്ന വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സ് തന്നെയായിരുന്നു ഇന്ത്യൻ വിജയത്തിന്റെ പ്രധാന ഹൈലൈറ്റ്. പാകിസ്താനെതിരെയുള്ള എല്ലാ മത്സരങ്ങളിലും വിരാടിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിക്കുന്നത്. വിരാട് കോഹ്‌ലിയുടെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ നായകൻ മുഹമ്മദ് റിസ്‌വാൻ.
മുഹമ്മദ് റിസ്‌വാൻ പറയുന്നത് ഇങ്ങനെ:
Read more
” ആദ്യം നമുക്ക് വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിക്കാം. അദ്ദേഹത്തിന്റെ കഠിനാധ്വാനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കോഹ്‌ലി ഫോമില്‍ അല്ലെന്നു ലോകം മുഴുവന്‍ പറയുന്നു. എന്നാല്‍ ഇത്രയും വലിയൊരു പോരാട്ടത്തില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം കോഹ്ലി റണ്‍സ് കണ്ടെത്തി. അദ്ദേഹത്തിന്റെ ഫിറ്റ്നെസും പ്രവര്‍ത്തന രീതിയും തീര്‍ച്ചയായും പ്രശംസനീയമാണ്. കോഹ്ലിയെ പുറത്താക്കാന്‍ ആവുന്നതെല്ലാം ഞങ്ങള്‍ ചെയ്‌തെങ്കിലും അതിന് സാധിക്കാതെ പോയി” മുഹമ്മദ് റിസ്വാൻ പറഞ്ഞു.