ചാമ്പ്യൻസ് ട്രോഫി 2025: ബുംറ ഇല്ലെങ്കിൽ നിനക്കൊക്കെ ടൂർണമെന്റിന് ഇറങ്ങാൻ പേടിയാണോ; തുറന്നടിച്ച് ഹർഭജൻ സിങ്

ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിലെ നേടും തൂണായ പേസ് ബോളർ ജസ്പ്രീത് ബുംറ പുറത്തായതോടെ ടൂർണമെന്റിലെ പ്രതീക്ഷ അസ്തമിച്ചു. എതിരാളികൾ ഏറ്റവും കൂടുതൽ ഭയക്കുന്ന താരം ഗുരുതരമായ പരിക്കിനെ തുടർന്ന് പിന്മാറിയതോടെ ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി. ജസ്പ്രീത് ബുംറ ഇല്ലാതെ കളിയ്ക്കാൻ പഠിക്കണം എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം ഹർഭജൻ സിങ്.

ഹർഭജൻ സിങ് പറയുന്നത് ഇങ്ങനെ:

” ഈ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ തന്നെയാണ് കപ്പ് ജേതാക്കളാകാൻ ഏറ്റവും സാധ്യത ഉള്ള ടീം. ജസ്പ്രീത് ബുംറ തന്നെയാണ് ഇന്ത്യയുടെ പ്രധാന അടിത്തറ. പക്ഷെ ബുംറ ഇല്ലെങ്കിലും നല്ല എക്സ്പീരിയൻസ് ആയ മറ്റു താരങ്ങൾ ഇന്ത്യക്ക് ഉണ്ട്. അർശ്ദീപ്, മുഹമ്മദ് ഷമി, രവിദ്ര ജഡേജ എന്നിവർ മികച്ച പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്. അത് ടീമിന് ഗുണമാണ്. ബുംറ ഇല്ലെങ്കിലും ഇന്ത്യക്ക് കപ്പ് നേടാൻ സാധിക്കണം” ഹർഭജൻ സിങ് പറഞ്ഞു.

ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ 32 വിക്കറ്റുകളുമായി പ്ലയെർ ഓഫ് ദി സീരീസ് ആയത് ബുംറയായിരുന്നു. അവസാന ടെസ്റ്റ് മത്സരത്തിൽ വെച്ച് ശക്തമായ പുറം വേദനയെ തുടർന്നാണ് ജസ്പ്രീത് ബുംറ പിന്മാറിയത്. പരമ്പരയിൽ ഇന്ത്യ 3 -1 ന് ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയും ചെയ്യ്തു.