ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ പതറുന്ന ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) മുംബൈയിൽ നിന്നുള്ള പ്രതിഭയായ ആയുഷ് മാത്രെയെ മിഡ്-സീസൺ ട്രയൽസിനായി തിരഞ്ഞെടുത്തിരിക്കുന്നു. 17 വയസ്സുള്ള താരം 2024 ലെ ആഭ്യന്തര സീസണിൽ അരങ്ങേറ്റം കുറിച്ചു, 2024-25 രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, മാത്രെയുടെ കഴിവ് സിഎസ്‌കെ സ്കൗട്ടുകളെ ആകർഷിച്ചു. ബിസിസിഐയുടെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ സോണൽ ക്യാമ്പിൽ അദ്ദേഹം ഭാഗമായിരുന്ന താരത്തെ ചെന്നൈ ടീമിന്റെ ട്രയൽസിലേക്ക് ടീം വിളിപ്പിക്കുക ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
2025 ലെ ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി സിഎസ്‌കെയ്‌ക്കൊപ്പം താരം നേരത്തെയും ട്രയലിൽ പങ്കെടുത്തിട്ടുണ്ട്. “അതെ, ഞങ്ങൾ അദ്ദേഹത്തെ ട്രയൽസിനായി വിളിച്ചിട്ടുണ്ട്. അദ്ദേഹം ഞങ്ങളുടെ ടാലന്റ് സ്കൗട്ടുകളെ ആകർഷിച്ചു,” സിഎസ്‌കെ എംഡിയും സിഇഒയുമായ കാസി വിശ്വനാഥൻ TOI യോട് പറഞ്ഞു.
സീസൺ ആരംഭിച്ചതിന് ശേഷം പ്രധാന ടീമിൽ ഏതെങ്കിലും താരത്തിന് പരിക്ക് പറ്റുകയോ ടീം വിടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായില്ലെങ്കിൽ ഫ്രാഞ്ചൈസികൾക്ക് കളിക്കാരെ സൈൻ ചെയ്യാൻ അനുവാദമില്ല. നിലവിലെ സീസണിലേക്ക് മാത്രെയെ ടീമിലേക്ക് കൊണ്ടുവരാൻ അവർ നോക്കില്ലെന്ന് സിഎസ്‌കെ സ്ഥിരീകരിച്ചു. “ഇല്ല, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, ഞങ്ങൾ അത് ചെയ്യും. ഞങ്ങൾ ആരെയും തിരഞ്ഞെടുക്കുന്നില്ല, ഇത് ഒരു ട്രയൽ മാത്രമാണ്,” കാസി വിശ്വനാഥൻ കൂട്ടിച്ചേർത്തു.
രാഹുൽ ത്രിപാഠിയും ദീപക്ക് ഹുദയും അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തുന്ന സാഹചര്യത്തിൽ ചെന്നൈ ടീമിൽ മാറ്റങ്ങൾ അനിവാര്യം ആണെന്നാണ് ആരാധകർ പറയുന്നത്.