CT 2025: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യൻ ടീമിനോട് ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല, അതിൽ എനിക്ക് വിഷമം ഉണ്ട്: ഷുഹൈബ് അക്തര്‍

നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഇപ്പോൾ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.

സമ്മാനദാന ചടങ്ങിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയ്ത മോശമായ പ്രവർത്തിയിൽ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യയ്ക്ക് കിരീടം സമ്മാനിക്കുന്ന ചടങ്ങിൽ‌ പിസിബിയുടെ ഭാരവാഹികളില്‍ ആരും വേദിയിൽ പങ്കെടുത്തിരുന്നില്ല. ഐസിസിയുടെ ഭാരവാഹികളും മറ്റു ടീമുകളുടെ ഭാരവാഹികളും മത്സരത്തിൽ ഉണ്ടായിരുന്നെങ്കിലും ടൂർണമെന്റ് ഹോസ്റ്റ് ചെയ്യുന്ന രാജ്യത്തിലെ ഭാരവാഹികൾ ആരും തന്നെ സന്നിഹിതരായിരുന്നില്ല. ബോർഡിന്റെ ഈ പ്രവർത്തിയിൽ എതിർത്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ ഷുഹൈബ് അക്തര്‍.

ഷുഹൈബ് അക്തര്‍ പറയുന്നത് ഇങ്ങനെ:

” ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിയിരിക്കുകയാണ് ഇന്ത്യ. അതിനിടെ ഒരു വിചിത്രമായ കാര്യം നടന്നിരിക്കുകയാണ്. സമ്മാനദാന ചടങ്ങില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ആരും ഉണ്ടായിരുന്നില്ല. ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയത്വം പാകിസ്താനാണ്. പക്ഷേ പാകിസ്താന്റെ ഒരു പ്രതിനിധിയും അവിടെ ഉണ്ടായിരുന്നില്ല. ട്രോഫി അവതരിപ്പിക്കാനും അവിടെ ആരും ഉണ്ടായിരുന്നില്ല. അത് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്”

ഷുഹൈബ് അക്തര്‍ തുടർന്നു:

” ഒന്ന് ആലോചിച്ചു നോക്കൂ, ചാമ്പ്യൻസ് ട്രോഫി ഒരു ലോക വേദിയാണ്. അവിടെ നിങ്ങള്‍ ഉണ്ടാവേണ്ടിയിരുന്നു. ടൂര്‍ണമെന്റ് ആതിഥേയത്വം വഹിച്ചത് ഞങ്ങളാണ്, പക്ഷേ അവിടെ ആരും ഉണ്ടായിരുന്നില്ല. അത് കാണുമ്പോള്‍ വളരെ വിഷമം തോന്നുന്നു” ഷുഹൈബ് അക്തര്‍ പറഞ്ഞു.