നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഇപ്പോൾ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.
ഇന്ത്യയ്ക്ക് കിരീടം സമ്മാനിക്കുന്ന ചടങ്ങിൽ പിസിബിയുടെ ഭാരവാഹികളില്‍ ആരും വേദിയിൽ പങ്കെടുത്തിരുന്നില്ല. ഐസിസിയുടെ ഭാരവാഹികളും മറ്റു ടീമുകളുടെ ഭാരവാഹികളും മത്സരത്തിൽ ഉണ്ടായിരുന്നെങ്കിലും ടൂർണമെന്റ് ഹോസ്റ്റ് ചെയ്യുന്ന രാജ്യത്തിലെ ഭാരവാഹികൾ ആരും തന്നെ സന്നിഹിതരായിരുന്നില്ല. ഇതിൽ വൻതോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഉൾപ്പെടെ പിസിബിയുടെ ഭാരവാഹികള്‍ ഗ്രൗണ്ടിൽ ഉണ്ടായിരുന്നെങ്കിലും അവർ മനഃപൂർവം വിട്ടു നിന്നതായിരുന്നു. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരമായ കമ്രാൻ അക്മൽ.
കമ്രാൻ അക്മൽ പറയുന്നത് ഇങ്ങനെ:
” പാകിസ്താൻ സമ്മാനദാന ചടങ്ങിൽ ഒരു സ്ഥാനവും അർഹിക്കുന്നില്ല. മോശം പ്രകടനത്തിനും ലോക വേദിയിലെ പാകിസ്താന്റെ ബഹുമാനക്കുറവിനുമുള്ള ശിക്ഷയായി ഇതിനെ കാണാം. ഐസിസി നമുക്ക് കണ്ണാടി കാണിച്ചു തന്നു, പാകിസ്താൻ ക്രിക്കറ്റിന്റെ മോശം മുഖമാണ് നമ്മൾ കണ്ടത്, എന്നിട്ടും നമ്മൾ പഠിച്ചില്ല” കമ്രാൻ അക്മൽ പറഞ്ഞു.