മഹേന്ദ്ര സിംഗ് ധോണി- ശരിക്കും ഓരോ സീസണിലും അത്ഭുതം തീർക്കുകയാണ് ഈ മനുഷ്യൻ എന്ന് പറയാം. ചെറുപ്പക്കാർ പോലും ബുദ്ധിമുട്ടുകൾ നേരിട്ട് ക്രിക്കറ്റ് അവസാനിപ്പിച്ച് വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ ധോണി തന്റെ 43 ആം വയസിലും വളരെ ആക്റ്റീവ് ആയി നിന്നുകൊണ്ട് മികവ് കാണിക്കുന്നു. ബാറ്റിംഗിൽ മാത്രമല്ല മുഴുവൻ സമയവും വിക്കറ്റ് കീപ്പിങ് കൂടി ഈ പ്രായത്തിലും ചെയ്യുക എന്ന് പറഞ്ഞാൽ അത് ധോണിക്ക് മാത്രം ചെയ്യാൻ പറ്റുന്ന അത്ഭുതമായി നമുക്ക് പറയാം.
ഇപ്പോഴിതാ ഈ സീസണിലും ധോണിക്ക് മികവ് കാണിക്കാൻ പറ്റുമെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ ഉറ്റകൂട്ടുകാരനും സഹതാരവുമായ സുരേഷ് റെയ്ന. “അദ്ദേഹം ഫിനിഷറുടെ റോൾ ചെയ്യും, സീസണിലേക്കുള്ള പദ്ധതികളുമായി അദ്ദേഹം തയ്യാറായിരിക്കണം. ഈ വർഷത്തെ ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ് അദ്ദേഹം. പക്ഷേ അദ്ദേഹത്തിന്റെ മനസ്സിൽ വ്യത്യസ്തമായ കാര്യങ്ങളാണ് നടക്കുന്നത്. അദ്ദേഹത്തിന്റെ ഫിറ്റ്നസ് ഇപ്പോഴും മികച്ചതാണ്,” റെയ്‌ന പറഞ്ഞു.
“കഴിഞ്ഞ വർഷം അദ്ദേഹം നിരവധി സിക്‌സറുകൾ അടിച്ചു, വീണ്ടും ശക്തനായി കാണപ്പെടുന്നു. അദ്ദേഹത്തിന് ഇനിയും രണ്ടോ മൂന്നോ വർഷത്തെ ക്രിക്കറ്റ് ശേഷിക്കുന്നു. ഈ വർഷം നമുക്ക് തലയുടെ ഹെലികോപ്റ്ററുകൾ കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് കോടി രൂപയ്ക്ക് ധോണിയെ അൺക്യാപ്പ്ഡ് പ്ലെയേഴ്‌സ് വിഭാഗത്തിൽ സിഎസ്‌കെ നിലനിർത്തുക ആയിരുന്നു. ചെന്നൈയിൽ സിഎസ്‌കെ സ്പിന്നർമാരായ ആർ അശ്വിൻ, രവീന്ദ്ര ജഡേജ, നൂർ അഹമ്മദ് എന്നിവർ എതിരാളികളെ ബുദ്ധിമുട്ടിക്കുമെന്ന് റെയ്‌ന എടുത്തുപറഞ്ഞു.
“സിഎസ്‌കെയ്ക്ക് 12 ഓവർ മികച്ച സ്പിൻ എറിയേണ്ടിവരും. ചെന്നൈയിൽ ഈ മൂന്ന് പേർക്കെതിരെയും സന്ദർശക ടീമുകളുടെ ബാറ്റ്‌സ്മാൻമാർ നന്നായി ബാറ്റ് ചെയ്യേണ്ടിവരും. അശ്വിനും ജഡേജയും നൂറും മികച്ച ബൗളർമാരാണ്. അശ്വിനും ജഡേജയും ബാറ്റ്‌സ്മാൻമാരെ നിയന്ത്രിക്കും, നൂർ വിക്കറ്റ് വീഴ്ത്തും” അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 23 ന് സിഎസ്‌കെ ബദ്ധവൈരികളായ മുംബൈ ഇന്ത്യൻസിനെതിരെയാണ് മത്സരം.