നിനക്ക് ഓടണോ ഒന്ന് ഓടി നോക്കെടാ, പൊള്ളാർഡ് സ്റ്റൈൽ മൈൻഡ് ഗെയിം കളിച്ച് ജഡേജ കെണിയിൽ വീഴാതെ ദീപക്ക് ചാഹർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി, ദീപക് ചാഹർ അവിസ്മരണീയമായ അരങ്ങേറ്റം ആണ് കുറിച്ചത്. ചാഹറിന്റെ അവസാന ഓവറിലെ തകർപ്പൻ ബാറ്റിംഗാണ് 155 എന്ന താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് മുംബൈയെ എത്തിച്ചത്. അതേസമയം മുൻ സഹതാരം രവീന്ദ്ര ജഡേജയുമായുള്ള ദീപക്കിന്റെ രസകരമായ നിമിഷം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മുംബൈയുടെ ടോപ്പ് ഓർഡറും മധ്യനിരയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ, ചാഹർ ഉത്തരവാദിത്തം ഏറ്റെടുത്ത് മികച്ച ഇന്നിംഗ്‌സ് കളിച്ചു. 15 പന്തിൽ നിന്ന് 2 ഫോറുകളും 2 സിക്‌സറുകളും ഉൾപ്പെടെ 28 റൺസ് നേടിയ അദ്ദേഹം മുംബൈയെ 155/9 എന്ന മാന്യമായ സ്കോർ നേടാൻ സഹായിച്ചു. ലോവർ ഓർഡർ ബാറ്റ്‌സ്മാൻ എന്ന നിലയിൽ തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നുള്ള സൂചനയും താരം നൽകി കഴിഞ്ഞിരിക്കുന്നു.

19-ാം ഓവറിൽ സിഎസ്‌കെ സഹതാരം രവീന്ദ്ര ജഡേജ ഉൾപ്പെട്ട ഒരു നിമിഷമായിരുന്നു ചാഹറിന്റെ ഇന്നിംഗ്‌സിന്റെ ഹൈലൈറ്റ്. ആ ഓവറിലെ മൂന്നാം പന്തിൽ ഖലീൽ അഹമ്മദ് എറിഞ്ഞ പന്തിൽ ലോങ് ഓണിലേക്ക് ചാഹർ സിംഗിൾ എടുത്തു. അവിടെ ഫീൽഡ് ചെയ്യുകയായിരുന്ന ജഡേജ, ചാഹറിനെ ഡബിളിന്( രണ്ടാം റൺ ഓടാൻ) വെല്ലുവിളിച്ച് പന്ത് ഗ്രൗണ്ടിലേക്ക് ഉരുട്ടുകയാണ് ചെയ്തത്. തമാശ രൂപേണ ചാഹർ രണ്ടാം റൺ എടുക്കാൻ എടുക്കുമെന്ന് ഓടുന്നത് പോലെ കാണിച്ചെങ്കിലും അവിടെ ആ സാഹസത്തിൽ നിന്ന് പിന്മാറുക ആയിരുന്നു.

രണ്ട് കളിക്കാരും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതിഫലനമായിരുന്ന കാഴ്ച കണ്ട് ആരാധകർ ചിരിച്ചു. ചാഹർ മുംബൈ ഇന്ത്യൻസിൽ ചേരുന്നതിന് മുമ്പ്, ജഡേജയും ചാഹറും സി‌എസ്‌കെ ഫ്രാഞ്ചൈസിയിൽ 7 വർഷം ഒരുമിച്ച് കളിച്ചിരുന്നു.

മത്സരത്തിലേക്ക് വന്നാൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഉയർത്തിയ 156 റൺസ് എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ചെന്നൈ അവസാന ഓവറിന്റെ ആദ്യ പന്തിൽ വിജയം സ്വന്തമാക്കുക ആയിരുന്നു. ചെന്നൈ വളരെ എളുപ്പത്തിൽ വിജയം സ്വന്തമാകും എന്ന ഘട്ടത്തിൽ ആണ് ഇംപാക്ട് താരവും മലയാളിയുമായ വിഘ്നേഷ് പുത്തൂർ എറിഞ്ഞ തകർപ്പൻ സ്പെൽ മുംബൈയെ സഹായിക്കുകയും മത്സരം അവസാന ഓവർ വരെ നീട്ടുകയും ചെയ്തത്. താരം മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കുക ആയിരുന്നു.

Read more