ഓസീസിനെ നിഗ്രഹിച്ച് ഇംഗ്ലീഷ് പട;  ജയം പിടിച്ചത് ബട്ട്‌ലറുടെ മികവില്‍

ഓസ്‌ട്രേലിയയെ തച്ചുതകര്‍ത്ത് ട്വന്റി20 ലോക കപ്പില്‍ ഇംഗ്ലണ്ടിന്റെ വിജയാരവം. ഏകപക്ഷീയമായ മത്സരത്തില്‍ എട്ടു വിക്കറ്റിന് ഇംഗ്ലണ്ടിന്റെ ജയം. 50 പന്തുകള്‍ ബാക്കിവച്ചാണ് കംഗാരുക്കളെ ഇംഗ്ലണ്ട് നിലംപരിശാക്കിയത്. ഇതോടെ 6 പോയിന്റുമായി ഗ്രൂപ്പ് വണ്ണില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഓസീസ് (4 പോയിന്റ്) മൂന്നാം സ്ഥാനത്ത്. സ്‌കോര്‍: ഓസീസ്-125 ഓള്‍ ഔട്ട്. ഇംഗ്ലണ്ട് -126/2 (11.4 ഓവര്‍).


ക്രിക്കറ്റിന്റെ സമസ്ത തലങ്ങളിലും ഓസ്‌ട്രേലിയ ഇംഗ്ലണ്ടിന് പിന്നിലായിപ്പോയി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ താളം കണ്ടെത്തിയില്ല. നായകന്‍ ആരോണ്‍ ഫിഞ്ച് (44) അവരുടെ ടോപ് സ്‌കോറര്‍. ആഷ്ടണ്‍ അഗര്‍ സ(20), മിച്ചല്‍ സ്റ്റാര്‍ക്ക് (ആറ് പന്തില്‍ 13), പാറ്റ് കമ്മിന്‍സ് (3 പന്തില്‍ 12) എന്നിവര്‍ ഓസീസ് സ്‌കോറിന് നേരിയ കുതിപ്പേകി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ഡാന്‍ മൂന്നും ക്രിസ് വോക്‌സും ടൈമല്‍ മില്‍സും രണ്ട് വിക്കറ്റ് വീതവും പിഴുതു

.
ഇംഗ്ലണ്ടിന്റെ ചേസിംഗ് ഓസ്‌ട്രേലിയക്ക് താങ്ങാന്‍ കഴിയാത്തതായിരുന്നു. 32 പന്തില്‍ അഞ്ച് ഫോറും അത്ര തന്നെ സിക്‌സും ചേര്‍ത്ത് പുറത്താകാതെ 71 റണ്‍സുമായി ജോസ് ബട്ട്‌ലര്‍ ഓസീസ് ബോളര്‍മാരെ കശാപ്പുചെയ്തപ്പോള്‍ കളി വേഗം അവസാനിച്ചു. ജാസണ്‍ റോയ് (22), ഡേവിഡ് മലാന്‍ (8) എന്നിവര്‍ ഇംഗ്ലീഷ് നിരയില്‍ കൂടാരം പൂകിയവര്‍. ഇംഗ്ലണ്ട് ജയത്തിലെത്തുമ്പോള്‍ ജോണി ബെയര്‍സ്‌റ്റോ (16 നോട്ടൗട്ട്) ബട്ട്‌ലറിന് കൂട്ടായി നിന്നു. ഇംഗ്ലണ്ടിനായി മികച്ച ബോളിംഗ് പുറത്തെടുത്ത ക്രിസ് ജോര്‍ഡാന്‍ കളിയിലെ കേമന്‍.